Culture India International Kerala News

ഇന്ന് കേരളക്കരക്ക് തിരുവോണം


ഇന്ന് മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണം. സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും സന്ദേശങ്ങള്‍ വരും തലമുറകളിലേക്കും പകര്‍ന്ന് ഒരു തിരുവോണ നാളുകൂടി വന്നണഞ്ഞിരിക്കുന്നു.

തുമ്പപ്പൂവും, മുക്കുറ്റിയും, ശംഖുപുഷ്പവും, കാക്കപ്പൂവും, കണ്ണാന്തളിയും, കൃഷ്ണകിരീടവും, കുറിഞ്ഞി പൂക്കളും, ചെമ്പരത്തിയും, മത്തപ്പൂവും, ചാമയുമെല്ലാം തേടി പറമ്പായ പറമ്പെല്ലാം അലഞ്ഞ് തിരികെ വരുമ്പോള്‍ കൂട നിറയെ പൂക്കളുമായി എത്തിയിരുന്ന കുസൃതിക്കുരുന്നുകളുടെ ആര്‍പ്പോ വിളികള്‍ ഇന്നത്തെ തലമുറക്ക് അന്യമായി കൊണ്ടിരിക്കുന്നു.

തൃക്കാക്കരപ്പനും അതിനു ചുറ്റും ഇറുത്തു കൊണ്ടുവന്ന പൂക്കൾ മത്സരിച്ചിടാനോടുന്ന കുരുന്നുകളും നിർദേശങ്ങൾ നൽകുന്ന മുത്തശ്ശി മുത്തശ്ശന്മാരും ഇന്ന് പഴങ്കഥ.

അമ്പത് രൂപക്കും നൂറ് രൂപക്കും ജമന്തിയും ചെണ്ടുമല്ലിയും വാങ്ങി മഞ്ഞയും ഓറഞ്ചും വാടമല്ലി നിറവും കൊണ്ട് മാത്രം നിറഞ്ഞിരിക്കുന്ന പൂക്കളമാണിന്ന് പലരുടേയും.

കള്ളവും ചതിയും ഒന്നുമില്ലാതിരുന്ന, മാലോകരെല്ലാം ഒന്നാണെന്ന് വിശ്വസിക്കുകയും അതുപോലെ ഒത്തൊരുമയോടെ വസിക്കുകയും ചെയ്തിരുന്ന, ഇല്ലാത്തവന് ഉള്ളവന്‍ അകമഴിഞ്ഞ് നല്‍കിയിരുന്ന മാവേലിയുടെ കാലം. മാവേലി തമ്പുരാന്‍ തൻ്റെ പ്രജകളെ ആണ്ടിലൊരിക്കല്‍ കാണാനായി പാതാളത്തില്‍ നിന്ന് എഴുന്നള്ളുന്ന നാള്‍ അതാണ് ഐതിഹ്യങ്ങളിലെ ഓണം.

മാവേലി തമ്പുരാന്‍ എന്നും ഇഷ്ടമായിരുന്ന കുഞ്ഞന്‍ തുമ്പപ്പൂ ഇല്ലാതെ മലയാളികള്‍ക്ക് എന്ത് പൂക്കളം? ഒന്നുമല്ലാത്തൊരു പൂവാണ് താനെന്ന് വിചാരിച്ച തുമ്പപ്പൂവിനെ പോലും ഓണത്തിന് അവിഭാജ്യ ഘടകമാക്കി തീര്‍ത്തു മാവേലി. അതുപോലെ തന്നെ ചുറ്റിലുമുള്ളവരിലേക്ക് കരുണ ചൊരിയാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന സന്ദേശം എല്ലാവരിലേക്കും പകരുന്ന പൊന്നിന്‍ ചിങ്ങ തിരുവോണ നാളില്‍ എല്ലാവര്‍ക്കും ഓണാശംസകള്‍…..

Leave a Reply

Your email address will not be published. Required fields are marked *