ചിന്മയ മിഷന്റെ ആത്മീയവും സാംസ്കാരികവുമായ സംഭാവനകളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചിന്മയ അമൃത മഹോത്സവ് ആഗോള സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ചിന്മയ മിഷനുമായി ബന്ധപ്പെട്ട ചടങ്ങ് വൈകാരികവും ആത്മീയവുമായ അനുഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാമി ചിന്മയാനന്ദയുമായുള്ള 1993ലെ കൂടിക്കാഴ്ചയും യുവശക്തിയെ രാജ്യനിർമാണത്തിനായി പ്രയോജനപ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടും മോദി അനുസ്മരിച്ചു.
300 ദിവസം നീണ്ട പ്രവർത്തനത്തിലൂടെ 40,000 കിലോമീറ്റർ സഞ്ചരിച്ച് ഒരു ലക്ഷത്തിലധികം യുവാക്കളുമായി സംവദിച്ച ചിന്മയ മിഷൻ പ്രവർത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ഇന്ത്യൻ മൂല്യങ്ങൾ പകർന്നുനൽകുന്ന മിഷന്റെ നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനയും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യൻ വിജ്ഞാനപാരമ്പര്യത്തെ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യവും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.





