2024 തൃശൂർ പൂരം, പൂരം സംഘാടകരെയും പൂരപ്രേമികളെയും വലയ്ക്കുന്ന വിധത്തിൽ പൊലീസ് ഏകപക്ഷീയമായി നടപ്പാക്കിയ അനാവശ്യ നിയന്ത്രണങ്ങൾ കാരണം അലങ്കോലമാവുകയുണ്ടായി. കരുതിക്കൂട്ടി അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയും ലാത്തി ചാർജ് വരെ നടത്തുകയും ചെയ്തതു കാരണം പൂരം ചടങ്ങുകൾ അലങ്കോലമായതോടെ വലിയ പ്രതിഷേധമുയരുകയും തുടർന്ന് അന്നത്തെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ഫെബ്രുവരിയിൽ റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചതായി വന്ന മാധ്യമ വാർത്തകളിൽ, അന്വേഷണറിപ്പോർട്ട് സമർപിച്ചപ്പോൾ പൊലീസ് ഉന്നതർക്ക് ക്ലീൻ ചിട്ട് നൽകുകയും തിരുവമ്പാടി ദേവസ്വത്തിന് പ്രതിസ്ഥാനവുമാണ് നൽകിയതെന്ന് മനസിലാക്കുന്നു.
ഗുരുതര ആക്ഷേപങ്ങളാണ് ദേവസ്വത്തിനെതിരെ പൊലീസ് ഉന്നയിക്കുന്നതെന്നറിയുന്നു. അന്നത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കുടമാറ്റ സമയത്ത് ഉൾപ്പെടെ പൂരം സംഘാടകരോട് തട്ടിക്കയറുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. പൂരം നടത്തിപ്പിൽ ദേവസ്വത്തിന് വീഴ്ച പറ്റിയെന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണ്. ഈ സാഹചര്യത്തിൽ തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ യഥാർഥ പ്രതികളെ കണ്ടെത്താൻ സമഗ്രമായ പുനരന്വേഷണം വേണമെന്ന് തൃശ്ശൂർ എംഎൽഎ രാജൻ പല്ലൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു.





