India News Politics

മേക്കദാട്ടു അണക്കെട്ട് പദ്ധതി: കേന്ദ്രാനുമതി നൽകരുതെന്ന് പ്രധാനമന്ത്രിയോട് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: കാവേരി നദിയിൽ നിർമിക്കാൻ നിർദേശിച്ചിട്ടുള്ള മേക്കദാട്ടു അണക്കെട്ട് പദ്ധതിക്ക് നദീതടത്തിലെ മറ്റ് സംസ്ഥാനങ്ങളുടെ സമ്മതമില്ലാതെ നിയമപരമോ ഭരണപരമോ ആയ അനുമതികൾ നൽകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയെന്ന റിപ്പോർട്ടുകളിൽ ആശങ്ക അറിയിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

2026–27 ജലവർഷത്തിൽ ആവശ്യത്തിന് വെള്ളം ലഭിക്കാതെ കാവേരി ഡെൽറ്റ മേഖലയിലെ കർഷകർ ഇതിനകം പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര ഉദ്യോഗസ്ഥരുടെ സന്ദർശനം കർഷകരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ടെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാടിന് അർഹമായ ജലവിഹിതം ആനുപാതികമായിപ്പോലും വിട്ടുനൽകാൻ കർണാടക തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കാവേരി നദിയിലെ ജലത്തിന്റെ അളവ്, പ്രതിമാസ ജലവിതരണത്തിന്റെ ക്രമീകരണം എന്നിവ സംബന്ധിച്ച് താഴ്ന്ന പ്രദേശങ്ങളിലെ നദീതട സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *