കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് അപകടത്തിൽപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ. ട്രാക്ക് മുറിച്ചുകടക്കുന്നത് നിയമലംഘനമായതിനാൽ ഇത്തരത്തിലുള്ള അപകടങ്ങൾക്ക് റെയിൽവേ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ് ട്രൈബ്യൂണലിൻ്റെ നിരീക്ഷണം.
മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോൺ നൽകിയ നഷ്ടപരിഹാര ഹർജി തള്ളിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൊല്ലം-എറണാകുളം മെമു ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റെന്നായിരുന്നു തോമസ് ജോണിൻ്റെ ഹർജിയിലെ വാദം. അപകടത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ദീർഘകാലം ചികിത്സ തേടേണ്ടിവന്നെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
എന്നാൽ, തോമസിൻ്റെ വാദങ്ങൾ തെളിവുകൾ സഹിതം റെയിൽവേ നിഷേധിച്ചു. പ്ലാറ്റ്ഫോമുകളിലേക്ക് എത്താൻ ഫുട് ഓവർബ്രിഡ്ജ് സൗകര്യമുണ്ടായിരിക്കെ അത് ഉപയോഗിക്കാതെ റെയിൽവേ ട്രാക്കിലൂടെ കടന്നുപോകുന്നത് അപകടത്തിന് കാരണമാകുന്ന പ്രവൃത്തിയാണെന്ന് റെയിൽവേ വാദിച്ചു. ട്രെയിൻ യാത്രയ്ക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്കു മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂവെന്നും വ്യക്തമാക്കി.
റെയിൽവേയുടെ വാദങ്ങളും ഹാജരാക്കിയ തെളിവുകളും പരിഗണിച്ച ട്രൈബ്യൂണൽ, സ്വന്തം അശ്രദ്ധയും നിയമലംഘനവും മൂലം അപകടത്തിൽപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ട ബാധ്യത റെയിൽവേയ്ക്കില്ലെന്ന് നിരീക്ഷിച്ചു. തുടർന്നാണ് തോമസ് ജോണിൻ്റെ ഹർജി തള്ളിയത്.





