Kerala News

ഗുരുവായൂരില്‍ ഭക്തര്‍ക്ക് ഇനി പ്രസാദ ഊട്ടിന് ഷര്‍ട്ട് ധരിക്കാം; പ്രവേശന കവാടം വീതികൂട്ടാനൊരുങ്ങി ദേവസ്വം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനായി എത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ തീരുമാനിച്ച് ദേവസ്വം ഭരണസമിതി. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കുന്നതിന് നിലവിലുണ്ടായിരുന്ന ഷര്‍ട്ട് അഴിക്കേണ്ടെന്ന നിബന്ധന നീക്കം ചെയ്യാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

മെയ് 22ന് ചേര്‍ന്ന ദേവസ്വം യോഗത്തിലാണ് ഭക്തരുടെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് ഈ മാറ്റം പ്രഖ്യാപിച്ചത്. ജൂണ്‍ മാസത്തോടെ പുതിയ നടപടി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ. ഭക്ഷണം വിളമ്പുന്നവര്‍ക്ക് തൊപ്പിയും കയ്യുറയും നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന്റെ വീതി കൂട്ടാനും ദേവസ്വം ആലോചിക്കുന്നു. ശ്രീകോവിലിനു മുന്നില്‍ വലിയ തിരക്ക് ഒഴിവാക്കാനാണ് ഈ നീക്കം.

പ്രവേശന കവാടം വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട വാസ്തു വശങ്ങള്‍ കണ്ടറിഞ്ഞതായി ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ അറിയിച്ചു. വാസ്തു വിദഗ്ധന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ വിശദമായ വിലയിരുത്തലിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.

Leave a Reply

Your email address will not be published. Required fields are marked *