Business Economy India Kerala News Politics

പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയെന്ന കർണാടകയുടെ ആരോപണം തള്ളി എണ്ണക്കമ്പനികൾ

ബംഗളൂരു: സംസ്ഥാനത്തെ ചില പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കലർത്തിയെന്ന കർണാടക സർക്കാരിൻ്റെ ആരോപണം തള്ളി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസികൾ). നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചല്ല പരിശോധന നടത്തിയതെന്നും അതിനാൽ പരിശോധനാ ഫലങ്ങൾ അംഗീകരിക്കാനാകില്ലെന്നും കമ്പനികൾ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

പ്രമുഖ എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്നാണ് കർണാടക സർക്കാർ ആരോപിച്ചത്. ചില സാമ്പിളുകളിൽ എഥനോളിൻ്റെ അളവ് 31.2 ശതമാനം വരെ രേഖപ്പെടുത്തിയതായും സർക്കാർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ബംഗളൂരു, കോലാർ, ചിക്കബെല്ലാപുര, ബംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകൂരു എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി മന്ത്രി റിസ്‌വാൻ അർഷാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ, നിശ്ചിത പരിശോധനാ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലാത്തതിനാൽ പരിശോധനാ ഫലങ്ങൾ സാധുവായി കണക്കാക്കാനാകില്ലെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *