പട്ന: ബിജെപിയുമായി രാഷ്ട്രീയമായി ചേർന്നുനിന്നതിലൂടെ അകന്നുപോയ മുസ്‌ലിം സമൂഹവുമായുള്ള ബന്ധം ബിഹാറിലെ ബ്രാഹ്മണർ പുനഃസ്ഥാപിക്കണമെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. മുസ്‌ലിമുകളെ അനാവശ്യമായി അകറ്റിനിർത്തുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
പഴയ സാമൂഹിക കൂട്ടായ്മ പുനരുജ്ജീവിപ്പിക്കണമെന്ന തന്റെ നിലപാട് കോൺഗ്രസിന്റെ ബി ടീമാകാനുള്ള നീക്കമാണെന്ന വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരിയുടെ ആരോപണത്തോടും പ്രശാന്ത് കിഷോർ പ്രതികരിച്ചു. നേരത്തെ വടക്കൻ ബിഹാറിലെ ഒരു പട്ടണം സന്ദർശിച്ചപ്പോഴും സമാനമായ പ്രസ്താവന നടത്തിയിരുന്നു. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.





