
ന്യൂഡൽഹി: സ്വച്ഛ് സർവേക്ഷൻ 2025-26 പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ബുധനാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ശുചിത്വ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം രാഷ്ട്രപതി എടുത്തുപറഞ്ഞു.
ശുചിത്വം എന്നത് പൊതുസ്ഥലങ്ങളുടെ സൗന്ദര്യം നിലനിർത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് പൊതുജനാരോഗ്യം, സാമൂഹിക ബോധം, ഭരണപരമായ ഉത്തരവാദിത്തം എന്നിവയുടെ പ്രതിഫലനമാണെന്നും രാഷ്ട്രപതി പറഞ്ഞു.
യുവാക്കൾ, സ്ത്രീകൾ, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവ ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണം. നഗരങ്ങളിലെ ശുചിത്വ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
പൗരന്മാരിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സർവേകളിലും റാങ്കിങ്ങിലും മാത്രം ഒതുക്കാതെ നഗരസഭാ സേവനങ്ങൾ മെച്ചപ്പെടുത്താനും നഗരങ്ങളെ കൂടുതൽ വൃത്തിയും ആരോഗ്യകരവുമാക്കാനും ഉപയോഗിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.




