ന്യൂഡൽഹി: ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്ന സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ പൊലീസ് സംവിധാനം ഉറപ്പാക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ ഐപിഎസ് പ്രൊബേഷണർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളുമായി നിരന്തരം ഇടപഴകണം. നിയമവും ക്രമസമാധാനവും നിലനിർത്തുന്ന സംവിധാനമെന്നതിലുപരി ജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്ന വിശ്വസ്ത സ്ഥാപനമായി പൊലീസിനെ ജനങ്ങൾ കാണണമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിരഹിതമായും സത്യസന്ധതയോടെയും ഉത്തരവാദിത്തബോധത്തോടെയും സേവനം നിർവഹിക്കാൻ യുവ ഉദ്യോഗസ്ഥർ തയ്യാറാകണം. പൊതുജനക്ഷേമത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസിങ് രംഗത്ത് സാങ്കേതികവിദ്യയുടെ പ്രാധാന്യം വർധിച്ചുവരികയാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ, ഡാറ്റ അനലിറ്റിക്സ്, ആധുനിക അന്വേഷണരീതികൾ എന്നിവ പ്രയോജനപ്പെടുത്തണമെന്നും ഓം ബിർള നിർദേശിച്ചു.
മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ അറിവുകളും നൂതന ആശയങ്ങളും സ്വീകരിക്കണം. സാങ്കേതിക മികവിനൊപ്പം മാനുഷിക പരിഗണനയും കരുണയും പൊലീസ് പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവ ഉദ്യോഗസ്ഥരുടെ പരിശീലനവും പ്രതിബദ്ധതയും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുരക്ഷിതവും പുരോഗമനപരവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പാർലമെന്റിന്റെ പ്രവർത്തനരീതികളെക്കുറിച്ചും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ കൂടിക്കാഴ്ച അവസരമൊരുക്കി.





