ബെംഗളൂരു കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷൻ ലോകോത്തര സ്റ്റേഷനായി മാറ്റാൻ 1,500 കോടി രൂപ ചെലവിൽ നവീകരണ പദ്ധതി പ്രഖ്യാപിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) മാതൃകയിൽ സജ്ജമാക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ 160 ഏക്കറിൽ നടക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ അറിയിച്ചു.
വിശാലമായ ലോബി, എസി വിശ്രമ മുറികൾ, ഉയർന്ന നിലവാരമുള്ള പ്ലാറ്റ്ഫോം, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ടിക്കറ്റ് കൗണ്ടറുകൾ, ശുചിമുറികൾ എന്നിവ ഉൾപ്പെടെ വിമാനത്താവള തലത്തിലുള്ള സൗകര്യങ്ങൾ. പുതിയ വികസന പ്രവർത്തനങ്ങൾ വഴി ജോലിഅവസരങ്ങൾ സൃഷ്ടിക്കുക. പൊതു ഗതാഗത സംവിധാനങ്ങൾ അത്യാധുനികമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതി കേന്ദ്ര റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി അവതരിപ്പിച്ചിരിക്കുകയാണെന്ന് സോമണ്ണ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോത്സാഹനം പദ്ധതിക്ക് ശക്തി പകരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മെട്രോ സർവീസുകളെയും റെയിൽവേ സംവിധാനങ്ങളെയും വ്യാപകമായി വികസിപ്പിക്കാനുള്ള ഈ നീക്കം ബെംഗളൂരു നഗരത്തിന്റെ വിപുലീകരണത്തിന്റെയും ജനസംഖ്യയുടെയും ആവശ്യം നിറവേറ്റുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
പദ്ധതിയുടെ വിശദവിവരങ്ങൾ ഉടൻ പുറത്തുവന്നേക്കുമെങ്കിലും, കെഎസ്ആർ സിറ്റി സ്റ്റേഷൻ അടുത്ത തലത്തിലേക്ക് ഉയരുമെന്ന് ഉറപ്പാണ്.