പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് നീറുന്ന കാർഷിക പ്രശ്നങ്ങളും വികസന കാര്യങ്ങളും മാത്രമാണെന്ന് എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു.പാലക്കാട് അഞ്ജലി ഗാർഡനിൽ പര്യടനത്തിൻ്റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ അടഞ്ഞ അധ്യായമാണ്. അതിനേക്കാൾ ചർച്ചയാകേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നെല്ല് സംഭരണമടക്കം കർഷകരുടെ പ്രശ്നങ്ങൾക്കാണ് എൻ.ഡി.എ പ്രാധാന്യം നൽകുന്നത്. വികസനത്തിനാണ് എൻ.ഡി.എ. വോട്ട് ചോദിക്കുന്നത്.പാലക്കാടിന് അമൃത് പദ്ധതിയിൽപ്പെടുത്തി 221 കോടിയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്.ഇതിൽ 100 കോടിയിലധികം കുടിവെള്ളത്തിന് മാത്രം നൽകി. ഇപ്പോൾ നഗരസഭയിൽ കുടിവെള്ള ക്ഷാമമില്ല. എന്നാൽ മാത്തൂരിലും, പിരായിയിലും കണ്ണാടിയിലും അതല്ല അവസ്ഥ. പുഴയോരത്ത് താമസിക്കുന്ന ജനങ്ങൾക്ക് പോലും കുടിവെള്ളം കിട്ടാക്കനിയാണ്. എക്കാലത്തും പാലക്കാടിൻ്റെ വികസനത്തിന് സഹായിച്ചിട്ടുള്ളത് എൻ ഡി എ സർക്കാരാണ്. നഗരത്തിലെ മേൽപാലങ്ങളടക്കം ഒ.രാജഗോപാൽ കേന്ദ്ര മന്ത്രിയായപ്പോൾ അനുവദിച്ചതാണ്. ഗതാഗത കുരുക്കു കൊണ്ട് നട്ടം തിരിഞ്ഞിരുന്ന നഗരത്തിന് ആശ്വാസം പകർന്നത് ഈ മേൽപ്പാലങ്ങളാണെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. വികസനത്തിന് ഒരു വോട്ടാണ് എൻ.ഡി.എ ആവശ്യപ്പെടുന്നത്. മെട്രോമാൻ ഇ ശ്രീധരൻ നൽകിയ വികസന രൂപരേഖ ചർച്ച ചെയ്യാൻ പോലും ശ്രമിക്കാത്ത ആളാണ് മുൻ എം.എൽ.എ.ഷാഫി പറമ്പിലെന്നും സ്ഥാനാർത്ഥി കുറ്റപ്പെടുത്തി. ഇരു മുന്നണികളിലും സ്ഥാനാർത്ഥി നിർണയം മുതൽ പൊട്ടിത്തെറിയാണെന്നും സ്ഥാനാർത്ഥി പറഞ്ഞു.
ബി.ജെ.പി ദേശീയ സമിതി അംഗം എൻ ശിവരാജൻ, ചെയർപേഴ്സൺ പ്രമീള ശശിധരൻ, കൗൺസിലർമാരായ, ശശികുമാർ, ടി ബേബി ,സജിത,മണ്ഡലം പ്രസിഡൻ്റ് ബാബു, യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ , ബി.ഡി.ജെ എസ് ജനറൽ സെക്രട്ടറി ഗംഗാധരൻ തുടങ്ങിയവർ ആദ്യ യോഗത്തിൽ പങ്കെടുത്തു.തുടർന്ന് പി.വി.ആർ നഗറിൽ റോഡ് ഷോക്ക് സ്വീകരണം നൽകി.
ബാലഗോകുലം ഉത്തര കേരള ഉപാദ്ധ്യക്ഷൻ ശ്രീകുമാരൻ മാസ്റ്റർ ,വിദ്യാ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ചന്ദ്രശേഖരൻ മാസ്റ്റർ ,ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. പിന്നീട് കള്ളിക്കാട്, പൊരിക്കാര തെരുവ്,വിത്തുണ്ണി, കൈക്കൂത്ത്പറമ്പ് , നൂറണി തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണ യോഗങ്ങൾ നടന്നു. വാടാ പറമ്പ് ,തിരുനെല്ലായി ഗ്രാമം വഴി പാളയത്ത് സമാപിക്കുന്ന വിധത്തിലായിരുന്നു റോഡ് ഷോ ക്രമീകരിച്ചിരുന്നത്.





