ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യം ‘രോഗാതുരമാണെന്ന’ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. വിദേശമണ്ണിലിരുന്ന് രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനും രാജ്യവിരുദ്ധ പ്രചാരണം നടത്താനുമാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് സമൂഹമാധ്യമമായ എക്സിലൂടെ രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. രാഹുൽ ഗാന്ധി കുടുംബത്തെ സ്നേഹിക്കുകയും ജനാധിപത്യത്തെ വെറുക്കുകയും ചെയ്യുന്നുവെന്നതിന് വീണ്ടും തെളിവായിരിക്കുകയാണ് അദ്ദേഹത്തിന്റെ പരാമർശമെന്നും ഭണ്ഡാരി കുറ്റപ്പെടുത്തി. പരാമർശം നടത്തുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
ബുധനാഴ്ച ചിക്കാഗോ സർവകലാശാലയിൽ നടന്ന പരിപാടിക്കിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. ഇന്ത്യൻ ജനാധിപത്യം രോഗാതുരമാണെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടെന്ന് പറയാൻ പോലും വലിയ തെളിവുകൾ ആവശ്യമാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകർ നേരിടുന്ന സാഹചര്യങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു.
പരാമർശം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുകയാണ്.





