ഭോപ്പാൽ: കോഴികൾക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എച്ച്5എൻ1 പക്ഷിപ്പനി വാക്സിൻ നവംബർ 20ന് രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര കൃഷി-കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഭോപ്പാലിലെ ഐസിഎആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ (NIHSAD) നടക്കുന്ന ചടങ്ങിൽ വാക്സിൻ സമർപ്പിക്കുക.
ഐസിഎആർ-എൻഐഎച്ച്എസ്എഡി വികസിപ്പിച്ച നിർജീവ വൈറസ് അധിഷ്ഠിത വാക്സിൻ അതീവ അപകടകാരിയായ എച്ച്5എൻ1 പക്ഷിപ്പനി വൈറസിൻ്റെ ക്ലേഡ് 2.3.2.1a വകഭേദത്തിനെതിരെയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ഈ വൈറസ് വകഭേദത്തിനെതിരെ വികസിപ്പിക്കുന്ന ആദ്യ വാക്സിനാണിത്.
കോഴികളിൽ വ്യാപകമായ മരണത്തിനും കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്ന പക്ഷിപ്പനിയെ പ്രതിരോധിക്കുന്നതിൽ വാക്സിൻ നിർണായകമാകുമെന്നാണ് പ്രതീക്ഷ. 2006ൽ ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചതിനുശേഷം എച്ച്5എൻ1, എച്ച്5എൻ8 വിഭാഗങ്ങളിലായി 500-ലധികം പക്ഷിപ്പനി വ്യാപനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ എച്ച്5എൻ1 ക്ലേഡ് 2.3.2.1a വകഭേദത്തിനെതിരെ പ്രത്യേക വാണിജ്യ വാക്സിൻ ലഭ്യമല്ല. പുതിയ തദ്ദേശീയ വാക്സിൻ കോഴികളിലെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനും മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കുമുള്ള വൈറസ് പകർച്ചയുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.





