Agriculture Business Economy India Kerala News Politics

ഇന്ത്യയിൽ ആയിരത്തിലധികം കമ്മ്യൂണിറ്റി സീഡ് ബാങ്കുകൾ: സർവേ

ന്യൂഡൽഹി: ഇന്ത്യയിൽ ആയിരത്തിലധികം കമ്മ്യൂണിറ്റി സീഡ് ബാങ്കുകൾ (സാമൂഹിക വിത്ത് ബാങ്കുകൾ) പ്രവർത്തിക്കുന്നതായി DIVERSIFARM-India നടത്തിയ സർവേ. ഇതിൽ 652 വിത്ത് ബാങ്കുകളെ പദ്ധതിയുടെ ഡിജിറ്റൽ അറ്റ്‌ലസിൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ തനത് വിത്തിനങ്ങൾ സംരക്ഷിക്കുന്നതിനും കർഷക സമൂഹങ്ങളുടെ വിത്ത് സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം സഹായകമാകും.

നവംബർ 17, 18 തീയതികളിൽ ന്യൂഡൽഹിയിലെ നാഷണൽ അഗ്രികൾച്ചറൽ സയൻസ് കോംപ്ലക്സിൽ നടന്ന കമ്മ്യൂണിറ്റി സീഡ് ബാങ്കുകളുടെ പുരോഗതിക്കായുള്ള ദേശീയ സെമിനാറിലാണ് സർവേയിലെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്.

ജിഐഎസ് അധിഷ്ഠിത ഡിജിറ്റൽ അറ്റ്‌ലസ്, കമ്മ്യൂണിറ്റി സീഡ് ബാങ്കുകളുടെ ആറ് വിഭാഗങ്ങളെക്കുറിച്ചുള്ള നയരേഖ, ഒഡിഷയിൽ ഇവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള പത്ത് ഇന കർമപദ്ധതി, ശേഷിവികസന മാനുവൽ എന്നിവയും സെമിനാറിൽ പുറത്തിറക്കി.

ഇന്ത്യയും നോർവേയും തമ്മിലുള്ള പങ്കാളിത്തത്തിലെ പ്രധാന ഘടകമാണ് ഈ പദ്ധതിയെന്ന് ന്യൂഡൽഹിയിലെ നോർവീജിയൻ അംബാസഡർ മേയ്-എലിൻ സ്റ്റെനർ പറഞ്ഞു. കമ്മ്യൂണിറ്റി സീഡ് ബാങ്കുകൾ വിത്ത് സംഭരണ കേന്ദ്രങ്ങൾ മാത്രമല്ലെന്നും കർഷകരുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും തനത് വിത്തിനങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെ സംരക്ഷണത്തിനും സഹായിക്കുന്ന സജീവ സ്ഥാപനങ്ങളാണെന്നും എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രേങ്കലക്ഷ്മി ആർ. വ്യക്തമാക്കി.

നോർവേയിലെ ഫ്രിഡ്ജോഫ് നാൻസൻ ഇൻസ്റ്റിറ്റ്യൂട്ടും (FNI) എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും (MSSRF) സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് DIVERSIFARM-India. ചെറുകിട കർഷകരുടെ ഭക്ഷ്യസുരക്ഷ, പോഷകാഹാരം, ഉപജീവനമാർഗങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിറ്റി സീഡ് ബാങ്കുകളിലൂടെ വിത്ത് സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

കമ്മ്യൂണിറ്റി സീഡ് ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാൻ സസ്യയിനങ്ങളുടെയും കർഷകരുടെ അവകാശങ്ങളുടെയും സംരക്ഷണ നിയമവും ദേശീയ ജൈവവൈവിധ്യ നിയമവും തമ്മിലുള്ള ഏകോപനം, കൂടുതൽ സാമ്പത്തിക സഹായം, ശേഷിവികസനം എന്നിവ ആവശ്യമാണെന്നും സെമിനാർ ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ഡിജിറ്റൽ അറ്റ്‌ലസ്, നയരേഖ, മാനുവൽ എന്നിവ https://communityseedbanks.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *