തൃശൂർ: ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 11 മുതൽ 13 വരെ വോട്ടെടുപ്പ് കാലയളവിൽ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചു. നവംബർ 11-ാം തീയതി വൈകുന്നേരം ആറ് മണി മുതൽ നവംബർ 13-ാം തീയതി വൈകുന്നേരം ആറ് മണി വരെ ചേലക്കര മണ്ഡലത്തിൽ മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രണവിധേയമാക്കും.
വോട്ടെണ്ണൽ ദിവസമായ നവംബർ 23-നും ഈ നിയന്ത്രണങ്ങൾ തുടരും. റീ പോളിംഗ് ആവശ്യമുണ്ടെങ്കിൽ അതിനുശേഷമുള്ള ദിവസവും ഡ്രൈ ഡേ ആയി കണക്കാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പൊതുസ്ഥലങ്ങൾ, ഭക്ഷണശാലകൾ, മദ്യശാലകൾ, ക്ലബുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിൽപ്പനക്കും ഈ കാലയളവിൽ നിരോധനം ബാധകമാണ്.





