Kerala News

ഏറ്റവും മികച്ച ജില്ലാകളക്ടർക്കുള്ള പുരസ്ക്കാരം; നന്ദി അറിയിച്ച് അർജുൻ പാണ്ഡ്യൻ

നാളെ (മാര്‍ച്ച് 2) പുതിയ കളക്ടറായ ശിഖ സുരേന്ദ്രന് ചുമതല കൈമാറും

സംസ്ഥാനത്തെ ഏറ്റവും നല്ല ജില്ലാ കളക്ടർക്കുള്ള അവാർഡ് ലഭിച്ചതിൻ്റെ സന്തോഷം പങ്കുവയ്കുന്നതിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കളക്ട്രേറ്റിലെ സെക്ഷനുകളിലും ഓഫീസുകളിലും നേരിട്ടെത്തി നന്ദി പറഞ്ഞു. ജോലിയിൽ മികവ് തെളിയിച്ച ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ജീവനക്കാരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്താണ് കളക്ടർ മടങ്ങിയത്.

തൃശ്ശൂര്‍ ജില്ലയില്‍ നിന്നും സ്ഥലംമാറിപ്പോകുന്ന ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് വിവിധ വകുപ്പുകളും സംഘടനകളും യാത്രയയപ്പ് നല്‍കി. ഏറ്റവും മികച്ച ജില്ലാ കളക്ടര്‍ക്കുള്ള റവന്യു പുരസ്‌ക്കാരവും വനിത ശിശു വികസന വകുപ്പിന്റെ മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരവും ഇലക്ഷന്‍ കമ്മീഷന്റെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുള്ള പുരസ്‌കാരവും സംസ്ഥാനത്തെ മികച്ച കളക്ടറേറ്റിനുള്ള പുരസ്‌കാരവും തൃശ്ശൂര്‍ ജില്ലാഭരണകൂടത്തിന് നേടിക്കൊടുത്താണ് അര്‍ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ കളക്ട്രേറ്റില്‍ നിന്നും പടിയിറങ്ങുന്നത്.

അര്‍ജുന്‍ പാണ്ഡ്യന്‍ 2024 ജൂലൈ 19 നായിരുന്നു ജില്ലാ കളക്ടറായി തൃശ്ശൂര്‍ ജില്ലയില്‍ ചുമതലയേറ്റത്. ജില്ലാ കളക്ടറായി ചുമതല ഏറ്റെടുത്തതിന് ശേഷം ജില്ലയില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന നിരവധി പട്ടയപ്രശ്‌നങ്ങള്‍ പരിഹരിച്ചു. 50 വര്‍ഷമായി പരിഹരിക്കാതെയിരുന്ന ജില്ലയിലെ ഒളകര ആദിവാസി ഉന്നതിയിലെ 44 കുടുംബങ്ങള്‍ക്കും പോത്തുപാറയില്‍ 24 ആദിവാസി കുടുംബങ്ങള്‍ക്കും വനാവകാശരേഖ നല്‍കിയത് ചരിത്ര നേട്ടമായിരുന്നു. 27 വര്‍ഷങ്ങളായി തൃശ്ശൂര്‍ താലൂക്കിലെ ഒല്ലൂര്‍ നവജ്യോതി ശാന്തിനഗര്‍ നിവാസികളുടെ പട്ടയം പ്രശ്‌നം, 40 വര്‍ഷമായി ഒല്ലൂക്കര വില്ലേജിലെ പട്ടാളക്കുന്ന് നിവാസികളുടെ പട്ടയ പ്രശ്‌നം, മാടക്കത്തറ, അവണൂര്‍, പാണഞ്ചേരി ഇരുമ്പുപാലം തുടങ്ങി സാങ്കേതിക തടസ്സം മൂലം പട്ടയം അനുവദിക്കാന്‍ കഴിയാതിരുന്ന നിരവധി ആളുകള്‍ക്ക് പട്ടയം നല്‍കിയതും കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലായിരുന്നു.

അര്‍ജുന്‍ പാണ്ഡ്യന്‍ ജില്ലാ കളക്ടറായി ചുമതലയേറ്റതിനുശേഷം സിവില്‍സ്റ്റേഷനില്‍ മെഡിക്കല്‍ സെന്റര്‍, പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റിലെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനുമായി ടോക്കണ്‍ സിസ്റ്റത്തോടുകൂടിയ പി.ജി.ആര്‍ സെന്റര്‍, കൂടെ, മീറ്റ് ദ കളക്ടര്‍, കനവ്, ഗെറ്റ് സെറ്റ് തൃശ്ശൂര്‍, ഗെറ്റ് സെറ്റ് സിവില്‍ സ്റ്റേഷന്‍, എക്സ്പ്ലോര്‍ തൃശ്ശൂര്‍, സ്വിം ഫോര്‍ ലൈഫ്, സ്മാര്‍ട്ട് അങ്കണവാടി, വാ വായിക്കാം, പാരന്റ് അപ്പ്, തിരികെ പദ്ധതി, അയാം യുവര്‍ സാന്റാ, ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം എന്നിവയും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ മാതൃകാപരമായി നടപ്പിലാക്കിയ പദ്ധതികളായിരുന്നു. അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ പൂരം, സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉള്‍പ്പെടെ ജില്ലയിലെ വിവിധ പരിപാടികള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌കൊണ്ട് പരാതിരഹിതമായി മികച്ചരീതിയില്‍ നടത്തിയിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ ഒന്നരവര്‍ഷത്തിലേറെക്കാലത്തെ മികച്ച സേവനത്തിനുശേഷം വികസനത്തിന്റെ പുത്തന്‍ മാതൃകകള്‍ തൃശ്ശൂരിന് സമ്മാനിച്ചാണ് അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോഡ് ജില്ലയിലേക്ക് പോകുന്നത്. അര്‍ജുന്‍ പാണ്ഡ്യന്‍ നാളെ (മാര്‍ച്ച് 2) രാവിലെ 9.30 ന് പുതിയ കളക്ടറായ ശിഖ സുരേന്ദ്രന് ചുമതല കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *