ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ പുലർച്ചെ നടന്ന യുഎസ്–ഇസ്രയേൽ സംയുക്ത വ്യോമാക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മിസൈൽ ആക്രമണങ്ങളും ശക്തമായ സ്‌ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു. ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിക്ക് തുടക്കമിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപം സ്‌ഫോടനം നടന്നതായി വിവരമുണ്ട്. ഖമേനി സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്നോയെന്ന് വ്യക്തമല്ല; അദ്ദേഹത്തെ ടെഹ്റാനിൽ നിന്ന് മാറ്റിയതായും അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാന്റെ ഭീഷണി ഒഴിവാക്കുന്നതിനായാണ് ആക്രമണമെന്നു ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി. ടെഹ്റാനിലുടനീളം ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ പറഞ്ഞു. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ സ്‌ഫോടനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങി. ഇസ്രായേലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളെ സജ്ജരാക്കാന്‍ മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കിയതാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമപാത അടച്ചതും പൈലറ്റുമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതും സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. നാശനഷ്ടങ്ങളെയും ആളപായത്തെയും കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.





