Entertainment Kerala News

കാണാൻ രണ്ട് പേർ മാത്രം; ‘കേരള സ്റ്റോറി 2’ കോഴിക്കോട് ഷോ റദ്ദാക്കി

കൊച്ചി: ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ വിവാദ ചിത്രം കേരള സ്റ്റോറി 2 ഇന്ന് മുതൽ പ്രദർശനത്തിന് എത്തുമ്പോഴും പ്രേക്ഷക പിന്തുണയുടെ അഭാവം ചില കേന്ദ്രങ്ങളിൽ തിരിച്ചടിയായി. കോഴിക്കോട് റീഗൽ തിയറ്റർയിൽ രാത്രി 10 മണിക്ക് നിശ്ചയിച്ചിരുന്ന ഷോയ്ക്ക് വെറും രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ആളില്ലാത്തതിനെ തുടർന്ന് തിയറ്റർ അധികൃതർ പ്രദർശനം റദ്ദാക്കുകയായിരുന്നു. കൊച്ചിയിലും ആദ്യ ഷോയ്ക്ക് ഒരാൾ പോലും ബുക്കിംഗ് നടത്തിയിട്ടില്ലെന്നതാണ് റിപ്പോർട്ട്. ന്യൂക്ലിയസ് മാൾയിലെ പാൻ സിനിമാസിലാണ് നഗരത്തിലെ ആദ്യ പ്രദർശനം നിശ്ചയിച്ചിരുന്നത്. കൊച്ചിയിൽ ഒമ്പത് കേന്ദ്രങ്ങളിലായി ചിത്രം റിലീസ് ചെയ്യുന്നുണ്ടെങ്കിലും മറ്റു ഷോകൾക്കും വിരലിലെണ്ണാവുന്ന ബുക്കിംഗുകളാണ് ലഭിച്ചത്.

ഡിവിഷൻ ബെഞ്ചിന്റെ അനുകൂല വിധിയെ തുടർന്ന് ചിത്രം റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധർമ്മാധികാരി അധ്യക്ഷനായ ബെഞ്ച്, ടീസറിലെ ദൃശ്യങ്ങൾ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താനാകില്ലെന്ന് നിരീക്ഷിച്ചു. ചിത്രം മതസൗഹാർദം തകർക്കുന്നില്ലെന്നും റിലീസ് തടഞ്ഞാൽ വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും നിർമാതാക്കൾ വാദിച്ചിരുന്നു. നേരത്തെ 15 ദിവസത്തേക്ക് റിലീസിന് ഇടക്കാല സ്റ്റേ നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിന് പിന്നാലെയാണ് ഡിവിഷൻ ബെഞ്ച് അനുകൂല നിലപാട് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *