കുറ്റൂർ സ്വാശ്രയ സ്പെഷൽ സ്കൂൾ ആന്റ് വൊക്കേഷ്ണൽ ട്രെയിനിങ് സെന്റിൻറെ മുപ്പത്തിമൂന്നാമത് വാർഷികാഘോഷം കേരള സംഗീത നാടക അക്കാദമി ഹാളിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച രീതിയിൽ ട്രെയിനിങ് നൽകിവരുന്ന സ്വാശ്രയ ഡയറക്ടർ ശാന്താ മേനോനേയും അധ്യാപകരേയും കലക്ടർ അഭിനന്ദിച്ചു. സ്കൂളിന് നിരന്തരം സഹായസഹകരണങ്ങൾ നൽകി വരുന്ന എല്ലാവരെയും പരാമർശിച്ച കലക്ടർ സ്വാശ്രയയിലെത്തി നേരിട്ട് കുട്ടികളുമായി സംവദിക്കുമെന്നും ഉറപ്പുനൽകി. സിമ്പതിയല്ല പ്രോഝാഹനമാണ് ഇത്തരം കുട്ടികൾക്ക് വേണ്ടതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുൻ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ പറഞ്ഞു. കരകൗശല ഉൽപന്നങ്ങളും ഭക്ഷ്യവസ്ത്തുക്കളുമെല്ലാമുണ്ടാക്കാൻ കുട്ടികളെ പരിശീലിപ്പിച്ച് ശ്രദ്ധേയമാകുന്ന സ്കൂളിനെ അദ്ദേഹം അനുമോദിച്ചു. സ്വാശ്രയയിലെ കുട്ടികൾ വീട്ടിൽ വന്നതും അവർക്കൊപ്പം സമയം ചിലവഴിച്ചതിന്റെയും ഓർമകൾ പങ്കുവെച്ച ജോളി ജോയി ആലുക്കാസ് തുടർന്നും സ്വാശ്രയയ്ക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ടാകുമെന്നും അറിയിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ജോളി ജോയ് അധ്യാപകർക്കുള്ള ഉപഹാരങ്ങൾ കൈമാറി. യെസ് വീ കാൻ എന്ന പേരിൽ സ്വാശ്രയയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ കുട്ടികൾ നൃത്തം, ഗാനാലാപനം എന്നിങ്ങനെ വൈവിധ്യമാർന്ന 15 ഓളം ഇനങ്ങൾ വേദിയിൽ എത്തിച്ചു. പരിപാടികൾക്കിടയിൽ അധ്യാപകരും കൂട്ടുകാരും നൽകിയ പിന്തുണ ആരുടെയും മനസ് കീഴടക്കുന്നതായി. സ്വാശ്രയയിലെ കുട്ടികളുടെ കലാമേഖലയിലെ മികവുവിളിച്ചോതിയ കലാപരിപാടികൾ കാണികളെ സന്തോഷിപ്പിക്കുന്നതിനോടൊപ്പം കണ്ണുകളെ ഈറനണിയിക്കുന്നതുമായി. സംസ്ഥാനതല ഭിന്നശേഷി കുട്ടികളുടെ കലോത്സവത്തിൽ മികവ് തെളിയിച്ച സ്വാശ്രയയിലെ കലാകാരന്മാർക്ക് ഡയറക്ടർ ശാന്ത മോനോൻ ഉപഹാരങ്ങൾ നൽകി. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ പ്രദീപ് കെ ആർ, ബിഎൽഎം ഡിജിഎം കെ എം സുധീർ, എൽഐസി പേഴ്സനൽ ആന്റ് ഇന്റസ്ട്രിയൽ റിലേഷൻസ് മാനേജർ വിൽസൻ ജോർജ്, തൃശൂർ സിറ്റി റോട്ടറി ക്ലബ്ബ് പ്രതിനിധി ഫ്രാൻസി ജോസഫ് എന്നിവർ ആശംസകൾക്കൊപ്പം എല്ലാ പിന്തുണയും അറിയിച്ചു. പ്രിൻസിപ്പൽ ടെസി ജോസ് സ്വാഗതവും പിടിഎ വൈസ് പ്രസിഡൻറ് പ്രകാശൻ പി ജി നന്ദിയും പറഞ്ഞു.





