ന്യൂഡൽഹി: പാർലമെൻ്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന വാഗ്ദാനം നടപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വരാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി നിലപാട് ആവർത്തിച്ചത്. വനിതാ സംവരണത്തിനായുള്ള ആവശ്യം പതിറ്റാണ്ടുകളായി ഉയർന്നുവരുന്നതാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി സ്ത്രീകൾ കത്തുകളിലൂടെയും നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയും ഈ ആവശ്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയിൽ മാറ്റമില്ലെന്നും രാജ്യത്തെ നാരീശക്തിയുടെ പിന്തുണ ഈ ലക്ഷ്യത്തിന് കരുത്തേകുന്നുണ്ടെന്നും മോദി വ്യക്തമാക്കി.
‘നമ്മുടെ നാരീശക്തിക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ എന്ന് പ്രധാനമന്ത്രി എക്സിലെ സന്ദേശത്തിൽ കുറിച്ചു.





