Culture India News Politics

കാശി തമിഴ് സംഗമം; പങ്കെടുക്കുന്നവർക്ക് സ്വാഗതമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കാശി തമിഴ് സംഗമത്തിൻ്റെ അഞ്ചാം പതിപ്പ് തുടക്കമായതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിൽനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വാരണാസിയിലെത്തുന്ന എല്ലാ പ്രതിനിധികൾക്കും പ്രധാനമന്ത്രി ഊഷ്മളമായ സ്വാഗതം ആശംസിച്ചു.

‘തിരുക്കുറൾ പഠിക്കാം’ എന്ന അർത്ഥം വരുന്ന ‘തിരുക്കുറൾ പയില്വോം’ എന്നതാണ് ഈ വർഷത്തെ സംഗമത്തിൻ്റെ പ്രമേയം. മഹാകവിയും ദാർശനികനുമായ തിരുവള്ളുവരുടെ കാലാതീതമായ ചിന്തകൾ മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളിൽ വിലപ്പെട്ട മാർഗനിർദേശങ്ങൾ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പത്ത് വിദേശ ഭാഷകളുൾപ്പെടെ 50 ഭാഷകളിലേക്ക് വിവർത്തനം ചെയ്ത തിരുക്കുറളിന്റെ പതിപ്പുകൾ പുറത്തിറക്കിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത്തരം സംരംഭങ്ങൾ തിരുവള്ളുവരുടെ ദർശനങ്ങളും ആശയങ്ങളും യുവതലമുറയ്ക്കിടയിൽ കൂടുതൽ പ്രചരിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സമൂഹമാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്. വർഷങ്ങളായി കാശി തമിഴ് സംഗമം സാംസ്കാരികവും ബൗദ്ധികവുമായ ആശയവിനിമയത്തിനുള്ള സജീവ വേദിയായി വളർന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാടും കാശിയും തമ്മിലുള്ള സാംസ്കാരിക ബന്ധവും പരസ്പര ധാരണയും ശക്തിപ്പെടുത്തുന്നതിലൂടെ ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തിന് കൂടുതൽ കരുത്തുപകരാൻ സംഗമത്തിന് സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *