ന്യൂഡൽഹി: ഗുരുതരവും ജീവന് ഭീഷണിയാകുന്നതുമായ രോഗങ്ങൾ ബാധിച്ച പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ അർഹരായ രോഗികൾക്ക് 3.5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്ന പരിഷ്കരിച്ച ഡോ. അംബേദ്കർ മെഡിക്കൽ എയ്ഡ് പദ്ധതി നടപ്പാക്കുന്നു. കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഡോ. അംബേദ്കർ ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്.
2026 ജൂൺ രണ്ടിന് വിജ്ഞാപനം ചെയ്ത പരിഷ്കരിച്ച പദ്ധതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും ചികിത്സാച്ചെലവിന്റെ ഭാരം കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ഫൗണ്ടേഷൻ ഡയറക്ടർ വിനേഷ് പച്ച്നന്ദ അറിയിച്ചു.
വാർഷിക കുടുംബവരുമാനം അഞ്ചു ലക്ഷം രൂപയിൽ കവിയാത്ത പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് പദ്ധതിയിലൂടെ സഹായത്തിന് അപേക്ഷിക്കാം. വൃക്ക, ഹൃദയം, കരൾ, മസ്തിഷ്കം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതര രോഗങ്ങൾ, കാൻസർ, അവയവമാറ്റ ശസ്ത്രക്രിയ, നട്ടെല്ല് ശസ്ത്രക്രിയ തുടങ്ങിയവയ്ക്കാണ് സഹായം ലഭിക്കുക.
നിശ്ചയിച്ചിട്ടുള്ള പരമാവധി തുകയുടെ പരിധിക്ക് വിധേയമായി അംഗീകരിക്കപ്പെട്ട ചികിത്സയുടെയോ ശസ്ത്രക്രിയയുടെയോ ചെലവിന്റെ 100 ശതമാനവും പദ്ധതിയിലൂടെ അനുവദിക്കും. തുക നേരിട്ട് ബന്ധപ്പെട്ട ആശുപത്രിക്കാണ് കൈമാറുക.
വിവിധ ചികിത്സകൾക്ക് അനുവദിക്കുന്ന പരമാവധി സഹായത്തുക:
- ഹൃദയശസ്ത്രക്രിയ: 1.50 ലക്ഷം രൂപ
- വൃക്കശസ്ത്രക്രിയ അല്ലെങ്കിൽ ഡയാലിസിസ്: 3.50 ലക്ഷം രൂപ
- കാൻസർ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോതെറാപ്പി: 2.50 ലക്ഷം രൂപ
- മസ്തിഷ്ക ശസ്ത്രക്രിയ: 2 ലക്ഷം രൂപ
- വൃക്ക അല്ലെങ്കിൽ മറ്റ് അവയവങ്ങളുടെ മാറ്റിവയ്ക്കൽ: 3.50 ലക്ഷം രൂപ
- നട്ടെല്ല് ശസ്ത്രക്രിയ: 1.50 ലക്ഷം രൂപ
- മറ്റ് ജീവന് ഭീഷണിയായ രോഗങ്ങൾ: 2 ലക്ഷം രൂപ
ശസ്ത്രക്രിയയ്ക്ക് മുമ്പ് ഒറ്റത്തവണയായി ആർടിജിഎസ്, എൻഇഎഫ്ടി അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന തുക ആശുപത്രിക്ക് കൈമാറും. ദീർഘകാല ചികിത്സ ആവശ്യമുള്ള രോഗികൾക്ക് നിബന്ധനകൾക്ക് വിധേയമായി തുടർന്നുള്ള സാമ്പത്തിക വർഷത്തിൽ രണ്ടാമത്തെ പുതുക്കൽ സഹായത്തിനും അപേക്ഷിക്കാം.
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ (PM-JAY) ഗുണഭോക്താക്കളിൽ വൃക്കരോഗങ്ങൾ ബാധിച്ചവർക്കും വൃക്ക അല്ലെങ്കിൽ മറ്റ് അവയവങ്ങൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായവർക്കും ഈ പദ്ധതിയിലൂടെ സഹായം തേടാം. എന്നാൽ പി.എം-ജെ.എ.വൈയിലെ മറ്റ് ഗുണഭോക്താക്കൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്നും ഫൗണ്ടേഷൻ ഡയറക്ടർ വ്യക്തമാക്കി.





