Health India Kerala Medical News Politics

വൈദ്യശാസ്ത്ര നൂതനവിദ്യകൾ ഇന്ത്യയെ ആഗോള ആരോഗ്യശക്തിയാക്കി മാറ്റുന്നു: ജിതേന്ദ്ര സിങ്

ന്യൂഡൽഹി: തദ്ദേശീയ ഗവേഷണം, വൈദ്യശാസ്ത്ര രംഗത്തെ നൂതനവിദ്യകൾ, ചെലവുകുറഞ്ഞ ആധുനിക ചികിത്സാസംവിധാനങ്ങൾ എന്നിവയിലൂടെ ഇന്ത്യ ആരോഗ്യരംഗത്ത് വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിങ്. ആഗോള ആരോഗ്യരംഗത്തെ പ്രധാന ശക്തിയായി ഇന്ത്യ ഉയർന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ മെഡിക്കൽ സ്റ്റുഡന്റ്സ് (GAIMS) സംഘടിപ്പിച്ച ഗ്ലോബൽ ഹെൽത്ത്‌കെയർ കോൺക്ലേവ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം സാങ്കേതികവിദ്യകൾ, നൂതന രോഗനിർണയ സംവിധാനങ്ങൾ എന്നിവ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ അടിസ്ഥാന ചികിത്സാ പരിജ്ഞാനത്തിനും ക്ലിനിക്കൽ വിലയിരുത്തലിനും പകരമാകാൻ സാങ്കേതികവിദ്യകൾക്ക് കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മെഡിക്കൽ വിദ്യാഭ്യാസത്തിൽ രോഗികളുമായുള്ള നേരിട്ടുള്ള ഇടപെടൽ, കിടക്കയ്ക്കരികിലെ പരിശീലനം, ശാരീരിക പരിശോധന, പ്രായോഗിക അനുഭവം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഒരുകാലത്ത് വിദേശ മെഡിക്കൽ സാങ്കേതികവിദ്യകളെയും നൂതന ചികിത്സാസൗകര്യങ്ങളെയും ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് വാക്സിനുകൾ, ആന്റിബയോട്ടിക്കുകൾ, ജീൻ തെറാപ്പി, കാൻസർ ചികിത്സ തുടങ്ങിയ മേഖലകളിൽ തദ്ദേശീയ പരിഹാരങ്ങൾ വികസിപ്പിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ ചികിത്സ ലഭ്യമാക്കുന്ന രാജ്യമായും ഇന്ത്യ മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക ശേഷി, ജനിതക വൈവിധ്യം, കൃത്യതാധിഷ്ഠിത വൈദ്യശാസ്ത്രത്തിലെ പുരോഗതി എന്നിവ ആഗോള ആരോഗ്യരംഗത്തിന് സംഭാവന നൽകാൻ വലിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങൾക്കൊപ്പം ശക്തമായ ചികിത്സാപരമായ കഴിവുകളും ഭാവിതലമുറയിലെ ഡോക്ടർമാർ ആർജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരമ്പരാഗത എക്സ്-റേ പരിശോധനകളിൽനിന്ന് അൾട്രാസൗണ്ട്, സിടി സ്കാൻ, എംആർഐ തുടങ്ങിയ നൂതന രോഗനിർണയ സംവിധാനങ്ങളിലേക്കുള്ള ഇന്ത്യയുടെ ആരോഗ്യരംഗത്തെ വളർച്ചയും മന്ത്രി വിശദീകരിച്ചു.

അതേസമയം, രാജ്യത്ത് സാംക്രമിക രോഗങ്ങൾക്കൊപ്പം സാംക്രമികേതര രോഗങ്ങളും പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗങ്ങൾ, രക്താതിമർദം, ഡിസ്ലിപിഡീമിയ, ഫാറ്റി ലിവർ രോഗങ്ങൾ എന്നിവ പ്രധാന ആരോഗ്യപ്രശ്നങ്ങളായി ഉയർന്നുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യരംഗത്തെ പുതിയ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച കോൺക്ലേവിൽ മെഡിക്കൽ വിദ്യാർഥികളും ആരോഗ്യപ്രവർത്തകരും പങ്കെടുത്തു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് വൈസ് പ്രസിഡന്റ് ഡോ. മിനു ഭജ്പായ് വിശിഷ്ടാതിഥിയായി. GAIMS ദേശീയ ചെയർമാൻ ഡോ. ശുഭം ആനന്ദും സംഘടനയുടെ മറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

കോൺക്ലേവിന്റെ ഔദ്യോഗിക സ്മരണിക മന്ത്രി പ്രകാശനം ചെയ്യുകയും മെഡിക്കൽ വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *