ന്യൂഡൽഹി: കുട്ടികളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനായി രാജ്യത്തെ 50,000-ത്തിലധികം ശിശുരോഗ വിദഗ്ധരെ പങ്കാളികളാക്കാൻ പുതിയ സംരംഭവുമായി യുനിസെഫ് ഇന്ത്യയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും (IAP). ഇതിനായി ‘ചൈൽഡ് റൈറ്റ്സ് പ്ലെഡ്ജ് പ്ലാറ്റ്ഫോം’ എന്ന പേരിൽ ഓൺലൈൻ സംവിധാനം ആരംഭിച്ചു.
നവംബർ 20-ന് നടക്കുന്ന ലോക ശിശുദിനത്തിന് മുന്നോടിയായാണ് പദ്ധതി ആരംഭിച്ചത്. ഐഎപിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകുന്ന പ്ലാറ്റ്ഫോം വഴി കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ കൺവെൻഷനായ യുഎൻസിആർസിയെക്കുറിച്ച് ശിശുരോഗ വിദഗ്ധർക്ക് കൂടുതൽ അറിവ് നൽകുകയാണ് ലക്ഷ്യം. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട തത്വങ്ങൾ ദൈനംദിന ചികിത്സാരീതികളിലും കുട്ടികളോടും അവരുടെ കുടുംബങ്ങളോടുമുള്ള ഇടപെടലുകളിലും ഉൾപ്പെടുത്താൻ ഡോക്ടർമാരെ പ്രാപ്തരാക്കും.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ശിശുരോഗ വിദഗ്ധരെ ബോധവത്കരിക്കുകയും അവ സംരക്ഷിക്കുന്നതിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ കുട്ടികേന്ദ്രീകൃത ആരോഗ്യപരിചരണം ശക്തിപ്പെടുത്താനാണ് സംരംഭം ലക്ഷ്യമിടുന്നത്.



