ചെന്നൈ: എം.എസ്. ധോണിയെ ടീമിന്റെ മെന്ററായി നിയമിച്ചതായി ചെന്നൈ സൂപ്പർ കിങ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന് ആശംസകളുമായി ക്രിക്കറ്റ് ലോകം. പുതിയ ചുമതലയിലേക്ക് മാറുന്ന ധോണിക്ക് മുൻ സഹതാരങ്ങളും പ്രമുഖ ക്രിക്കറ്റ് താരങ്ങളും ഫ്രാഞ്ചൈസികളും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു.
2027 ഐപിഎൽ സീസണിന് മുന്നോടിയായാണ് ധോണി കളിക്കാരന്റെ റോളിൽനിന്ന് ടീം മെന്റർ സ്ഥാനത്തേക്ക് മാറുന്ന കാര്യം ചൊവ്വാഴ്ച ചെന്നൈ സൂപ്പർ കിങ്സ് സ്ഥിരീകരിച്ചത്. 2008-ൽ ആരംഭിച്ച ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ 17 സീസണുകളിലായി ടീമിനായി കളിച്ച ധോണിയുടെ താരജീവിതത്തിലെ നിർണായക അധ്യായത്തിനാണ് ഇതോടെ വിരാമമാകുന്നത്.
നായകനായും മികച്ച ഫിനിഷറായും ഐപിഎല്ലിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിലൊന്നായും ശ്രദ്ധ നേടിയ ധോണി ടൂർണമെന്റിന്റെ ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണ് സ്വന്തമാക്കിയത്.
ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സിൽ 12 സീസണുകളിൽ കളിച്ച രവീന്ദ്ര ജഡേജ സമൂഹമാധ്യമത്തിൽ വൈകാരികമായ കുറിപ്പിലൂടെയാണ് ആദരമറിയിച്ചത്. ‘എട്ടിന്റെ ഏഴിനോടുള്ള ആദരം എന്നും നിലനിൽക്കും’ എന്നായിരുന്നു ജഡേജയുടെ പ്രതികരണം.
മുൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറും ചെന്നൈ സൂപ്പർ കിങ്സിലെ മുൻ സഹതാരവുമായ ഡ്വെയ്ൻ ബ്രാവോയും ധോണിക്ക് നന്ദി അറിയിച്ചു. ‘നന്ദി ക്യാപ്റ്റൻ! നിങ്ങളുടെ പാരമ്പര്യം എന്നും നിലനിൽക്കും. ഉടൻ കാണാം സഹോദരാ’ എന്നായിരുന്നു ബ്രാവോയുടെ കുറിപ്പ്.
പുതിയ ചുമതലയിലും ധോണിയുടെ അനുഭവസമ്പത്തും നേതൃത്വപാടവവും ടീമിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.





