* പഠനമികവ് പുലർത്തിയ അശ്വതിക്ക് ആദരം
തിരുവനന്തപുരം പൂജപ്പുരയിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിത ഭിന്നശേഷി സദനത്തിലെ (HPH) താമസക്കാർക്ക് വേണ്ടി കേരള ഗ്രാമീൺ ബാങ്ക് തിരുവനന്തപുരം ശാഖ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നൽകുന്ന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.
രണ്ട് ഇൻവർട്ടർ, വാട്ടർ ഹീറ്റർ, ഇലക്ട്രിക് വീൽ ചെയർ എന്നിവ ഇടഞ ഫ്രണ്ടിൽ ഉൾപ്പെടുത്തി 3.4 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കേരള ഗ്രാമീൺ ബാങ്ക് തിരുവനന്തപുരം ശാഖ സ്ഥാപനത്തിന് കൈമാറിയത്.
18 വയസ്സ് മുതൽ 59 വയസ്സ് വരെ വിവിധതരം ഭിന്നശേഷിയുള്ള വനിതകളെ പുനരധിവസിപ്പിച്ചു വരുന്ന ജില്ലയിലെ ഏക സർക്കാർ സ്ഥാപനമാണ് HPH. ഇവിടെയുള്ള 20 താമസക്കാരിൽ ഒരാളായ അശ്വതി തന്റെ ശാരീരിക പരിമിതികളെ അതിജീവിച്ച് SCOLE കേരള മുഖേന കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 82% മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. തുടർപഠനത്തിനായി ഗവ. വുമൺസ് കോളേജിൽ നാലുവർഷ ബി.എ കോഴ്‌സിന് ചേർന്നിരിക്കുകയാണ്. അശ്വതിയെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അഭിനന്ദനങ്ങൾ അറിയിക്കുകയും അനുമോദിക്കുകയും ചെയ്തു.
കാലിൽ 9 സർജറികളും കഴിഞ്ഞ് വീൽചെയർ സഹായത്തോടെയാണ് ജീവിക്കുന്നതെങ്കിലും പഠനത്തിലും ഒപ്പം കലാപരമായ കഴിവിലും മികവ് തെളിയിച്ചിരിക്കുന്ന വിദ്യാർഥിനിയാണ് അശ്വതി. ചിത്രരചന, സംഗീതം എന്നിവയിൽ പ്രതിഭ തെളിയിച്ചു. 2018ൽ സർക്കാർ ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിൽ വൊക്കേഷൻ ട്രെയിനിങ്ങ് ബുക്ക് ബയിന്റിങ് കോഴ്‌സ് പഠിക്കുന്നതിന് അഡ്മിഷൻ ലഭിക്കുകയും HPH ൽ താമസം ആരംഭിക്കുകയും ചെയ്തു. ഭിന്നശേഷിയുള്ള അമ്മ ഉഷയും ഇപ്പോൾ സ്ഥാപനത്തിൽ താമസിച്ചുവരുന്നു.
ഗ്രാമീൺ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ചെലവഴിച്ചുള്ള ഇലക്ട്രിക് വീൽചെയർ അശ്വതിക്ക് കൈമാറി. വിതരണ ഉദ്ഘാടന ചടങ്ങിൽ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും HPH മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനുമായ ക്ലൈന് റൊസാരിയോ അധ്യക്ഷത വഹിച്ചു.