തൃശൂർ: ശക്തൻ സ്റ്റാൻഡിലെ ആകാശപ്പാതയുടെ രണ്ടാംഘട്ട നവീകരണം പൂർത്തിയായി, വെള്ളിയാഴ്‌ച മുതൽ ജനങ്ങൾക്കായി തുറന്നു കൊടുക്കും. നിലവിൽ വിപുലീകരിച്ച ആകാശപ്പാതയിൽ ഇനി അപകടമില്ലാതെ, ചൂടറിയാതെ തൃശൂർ നഗരത്തിന്റെ വർണശബള കാഴ്ചകൾ ആസ്വദിക്കാം.
പാതയിൽ ആധുനിക സജ്ജീകരണങ്ങളായ, ഷീറ്റും സോളാർ പ്ലാന്റുകളും ലിഫ്റ്റുകളും സ്ഥാപിച്ചു. 280 മീറ്റർ നീളമുള്ള ഈ നടപ്പാലം ജനങ്ങൾക്ക് യാത്ര സുഗമമാക്കുന്നതോടൊപ്പം, നഗരത്തിലെ പ്രധാന മാർക്കറ്റുകളിലേക്കുള്ള ഗതാഗതക്കുരുക്കും അപകടസാധ്യതകളും കുറക്കുകയാണ് ലക്ഷ്യം.
കോർപറേഷന്റെ 8 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിച്ച ഈ പാത, നവീകരണത്തിൽ കൂടുതൽ ലിഫ്റ്റുകൾ, ശീതീകരണം, സുരക്ഷാ ക്യാമറകൾ എന്നിവയും ഉൾപ്പെടുത്തിയാണ് വികസിപ്പിച്ചിരിക്കുന്നത്. സോളാർ പ്ലാന്റുകളുടെ വൈദ്യുതിശക്തി ലിഫ്റ്റുകളുടെ പ്രവർത്തനത്തിനും ഉപയോഗിക്കുന്നു.