തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജ് രാജ്യത്തെ മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയായ എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിലാണ് മഹാരാജാസിന്റെ ഈ മികച്ച നേട്ടം. കരിക്കുലം, വിദ്യാർത്ഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഈ റാങ്കിങ് തയ്യാറാക്കിയത്. മഹാരാജാസ് എല്ലാ മേഖലയിലും 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടിയിട്ടുണ്ട്.
രാജ്യത്തെ ഒന്നാം സ്ഥാനം നേടിയത് ഹൈദരാബാദ് ഗവ. ഡിഗ്രി വിമൻസ് കോളേജാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉയർത്താനുള്ള സംസ്ഥാന സർക്കാറിന്റെ ശ്രമങ്ങൾക്കിടയിൽ മഹാരാജാസ് കോളേജിന്റെ ഈ നേട്ടം ശ്രദ്ധേയമാണ്.





