ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്കായി ഗോൾഡൻ വിസ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. കെ.എച്ച്.ഡി.എ (ഖത്തർ ഹെൽത്ത് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി) ആണ് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ദുബൈയിലെ സ്വകാര്യ നഴ്സറികൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ, ഏർളി ചൈൽഡ്ഹുഡ് സെൻററുകളുടെ മാനേജർമാർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികൾ, മുഴുവൻ സമയ ഫാക്കൽറ്റികൾ, അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥർ, സ്കൂൾ അധ്യാപകർ എന്നിവർക്ക് ഗോൾഡൻ വിസ ലഭിക്കും. അപേക്ഷകൾ ഈ മാസം 15 മുതൽ സ്വീകരിക്കും.
ഓരോ വർഷവും ഒക്ടോബർ പകുതി മുതൽ ഡിസംബർ പകുതി വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധ്യാപകരെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്. കെ.എച്ച്.ഡി.എയുടെ ഇ-സേവന സംവിധാനത്തിലൂടെ സ്ഥാപനങ്ങളുടെ തലവൻമാർ നോമിനേഷൻ നൽകണം. യോഗ്യതയുള്ളവരാണെന്ന് സ്ഥാപനത്തിന്റെ ആഭ്യന്തര സമിതി ഉറപ്പാക്കേണ്ടതാണ്.
അപേക്ഷ സമർപ്പിച്ചാൽ 45 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാകും. മികച്ച അക്കാദമിക നേട്ടങ്ങൾ, സൃഷ്ടിപരമായ സംഭാവനകൾ, സ്ഥാപനത്തിന്റെ നിലവാരം ഉയർത്തുന്നതിൽ നൽകിയ പിന്തുണ, വിദ്യാർത്ഥികളിൽ തീർത്ത സ്വാധീനം, പുരസ്കാരങ്ങൾ എന്നിവ യോഗ്യതാ മാനദണ്ഡങ്ങൾ ആയി പരിഗണിക്കുന്നതാണ്.