തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിച്ച സാഹചര്യത്തിൽ, പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്ഥാന – ദേശീയ താത്പര്യങ്ങൾ മുൻനിർത്തിയുള്ള ചോദ്യങ്ങൾ അപ്രധാനമാക്കിയെന്നും, പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം എടുത്തുകളഞ്ഞെന്നും വിമർശിച്ചു.
പ്രതിപക്ഷത്തിന്റെ 45 നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമില്ലാത്തവയായി മാറ്റിയതിൽ പ്രതിപക്ഷം കർശനമായ നിലപാട് എടുത്തു. സ്പീക്കർ എ.എൻ. ഷംസീർ നിയമസഭാ ചട്ടങ്ങൾ പ്രകാരം നക്ഷത്ര ചിഹ്നം നീക്കം ചെയ്തതിനെ ന്യായീകരിച്ചു. “ചട്ടലംഘനം ഒന്നും നടന്നിട്ടില്ല, ചോദ്യങ്ങൾ ചോദിക്കുന്നതുവരെ അവ പ്രസിദ്ധപ്പെടുത്താനാകില്ല,” എന്ന് അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച സംബന്ധിച്ച പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകാതെ സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നു. സ്പീക്കർ “പ്രതിപക്ഷ നേതാവിൽ നിന്ന് നിലവാരതകർച്ചയുണ്ടായിരിക്കുന്നു” എന്ന മുഖ്യമന്ത്രിയുടെ പരാമർശം വാക്ക് പോരിനും കാരണമായി.
മന്ത്രിസഭയുടെ ദുരിതാശ്വാസ നിധി ഫണ്ടിന്റെ വിനിയോഗത്തെ ചൊല്ലി പ്രതിപക്ഷ ബഹളങ്ങൾക്കിടയിൽ മുഖ്യമന്ത്രിയുടെ മറുപടി തുടർന്നു. പിന്നാലെ, സ്പീക്കറുടെ നിലപാടിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു.