കൊച്ചി: ക്ഷേത്രങ്ങൾ ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണ്, അല്ലാതെ സിനിമാ ഷൂട്ടിങ്ങിന് വേണ്ടിയുള്ളതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ‘വിശേഷം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് അനുവദിച്ച അനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
തൃപ്പൂണിത്തുറ ദിലീപ് മേനോനും ഗംഗ വിജയനും നൽകിയ ഹർജിയിൽ, ക്ഷേത്രവുമായി ബന്ധമില്ലാത്ത വീഡിയോകളുടെയും സിനിമകളുടെയും ചിത്രീകരണത്തിന് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. “പവിത്രമായ പൂജകളും ആചാരങ്ങളും മറികടന്ന് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലാണ് ഷൂട്ടിങ് നടന്നത്,” എന്നാണ് ഹർജിയിൽ പറയുന്നത്.
ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജെ അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വിശദീകരണം ആവശ്യപ്പെട്ട കോടതി വിശദമായ നിരീക്ഷണം നടത്തുകയും ചെയ്തു.