തിരുവനന്തപുരം: ഈ വർഷത്തെ സ്കൂൾ കലോത്സവത്തിൽ ഓരോ കുട്ടിക്കും പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി ചുരുക്കി കലോത്സവ കമ്മിറ്റിയുടെ പുതിയ തീരുമാനം. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഉൾപ്പെടെ, ഇനി ഒരു കുട്ടിക്ക് പരമാവധി മൂന്ന് വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കാനാവൂ.
അതേസമയം, സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ അപ്പീലിനുള്ള ഫീസ് ഇരട്ടിയാക്കിയിട്ടുണ്ട്. സ്കൂൾതല അപ്പീൽ ഫീസ് 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി. ഉപജില്ലാതല ഫീസ് 1000 രൂപയിൽ നിന്ന് 2000 രൂപ, ജില്ലാതലത്തിൽ 2000 രൂപയിൽ നിന്ന് 3000 രൂപ, സംസ്ഥാനതല അപ്പീൽ ഫീസ് 2500 രൂപയിൽ നിന്ന് 5000 രൂപയായി ഉയർത്തി.
കലോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനും മെച്ചപ്പെട്ട നിലവാരം കാത്തുസൂക്ഷിക്കുന്നതിനുമാണ് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. അഞ്ച് പുതിയ മത്സര ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്: മംഗലം കളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവയാണ് പുതുതായി ഉള്‍ക്കൊള്ളിച്ച മത്സര ഇനങ്ങൾ. കലോത്സവം ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് നടക്കും.