ഡൽഹി: അടുത്ത വർഷത്തെ മൂലധന ചെലവ് 11.1 ശതമാനം വർധിപ്പിച്ച് 11,11,111 കോടി രൂപയാക്കുമെന്നും ഇത് GDP-യുടെ 3.4 ശതമാനമായിരിക്കുമെന്നും 2024-2025 ലെ ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ- കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പാർലമെൻ്റിൽ പ്രഖ്യാപിച്ചു.
ധനമന്ത്രിയുടെ പ്രസംഗത്തോടൊപ്പം അവതരിപ്പിച്ച 2023-24 സാമ്പത്തിക വർഷത്തെ ദേശീയ വരുമാനത്തിൻ്റെ ആദ്യ മുൻകൂർ എസ്റ്റിമേറ്റ് പ്രകാരം, ഇന്ത്യയുടെ യഥാർത്ഥ GDP 7.3 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിജീവനശേഷി പ്രകടിപ്പിക്കുകയും ആരോഗ്യകരമായ വന്‍കിട-സാമ്പത്തിക അടിത്തറ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധി (IMF) 2023 ഒക്ടോബറിലെ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിൽ (WEO), 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാപ്രവചനം, 2023 ജൂലൈയിൽ പ്രവചിച്ച 6.1 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി ഉയർത്തി.
IMF-ന്റെ വിലയിരുത്തലുകള്‍ പ്രകാരം 2027-ൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ സാധ്യതയുണ്ടെന്നും (വിപണി വിനിമയ നിരക്കിൽ യുഎസ് ഡോളര്‍ പ്രകാരം) അഞ്ച് വർഷത്തിനകം ആഗോള വളർച്ചയിൽ ഇന്ത്യയുടെ സംഭാവന 200 അടിസ്ഥാന പോയിന്റുകള്‍ ഉയരുമെന്നും കണക്കാക്കുന്നു. കൂടാതെ, ലോകബാങ്ക്, IMF, OECD, ADB തുടങ്ങിയ വിവിധ അന്താരാഷ്ട്ര ഏജൻസികൾ 2024-25-ൽ ഇന്ത്യ യഥാക്രമം 6.4 ശതമാനം, 6.3 ശതമാനം, 6.1 ശതമാനം, 6.7 ശതമാനം എന്നിങ്ങനെ വളർച്ച കൈവരിക്കുമെന്ന് പ്രവചിക്കുന്നു.
സാമ്പത്തിക പ്രവർത്തനങ്ങളിലെ ശക്തമായ വളർച്ച വരുമാന ശേഖരണത്തിന് ഉത്തേജനം നൽകിയെന്ന് ധനമന്ത്രി പ്രസ്താവിച്ചു. 2023 ഡിസംബറിൽ ചരക്കുസേവന നികുതി ശേഖരണം 1.65 ലക്ഷം കോടി രൂപയായി. ഇത് ഏഴാം തവണയാണ് മൊത്തം GST വരുമാനം 1.6 ലക്ഷം കോടി രൂപ മറികടക്കുന്നത്.
2024-25-ൽ, കടമെടുപ്പ് ഒഴികെയുള്ള ആകെ വരവുകളും മൊത്തം ചെലവുകളും യഥാക്രമം 30.80 ലക്ഷം കോടി രൂപയും, 47.66 ലക്ഷം കോടി രൂപയുമായി കണക്കാക്കുന്നുവെന്നും അവര്‍ പറഞ്ഞു. 26.02 ലക്ഷം കോടി രൂപയാണ് നികുതി വരുമാനം.
സംസ്ഥാനങ്ങളുടെ മൂലധനച്ചെലവിനായി അമ്പത് വർഷത്തെ പലിശരഹിത വായ്പ പദ്ധതി ഈ വർഷവും തുടരുമെന്നും ഇതിനായി 1.3 ലക്ഷം കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി സുപ്രധാന പ്രഖ്യാപനത്തിലൂടെ അറിയിച്ചു. വികസിത ഭാരതത്തിനായി സംസ്ഥാന സർക്കാരുകളുടെ പരിവര്‍ത്തനശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് 75,000 കോടി രൂപ അമ്പത് വർഷത്തെ പലിശ രഹിത വായ്പയായി ഈ വർഷം നിർദ്ദേശിച്ചിട്ടുണ്ട്.
2024-25 ലെ ധനക്കമ്മി ജിഡിപിയുടെ 5.1 ശതമാനമായി കണക്കാക്കപ്പെടുന്നുവെന്നും ഇത് 2025-26 ഓടെ ധനകമ്മി 4.5 ശതമാനത്തിൽ താഴെയായി കുറയ്ക്കുന്നതിന് 2021-22 ലെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച ധനപരമായ ഏകീകരണത്തിന്റെ പാതയിലാണെന്നും ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.
സമാനമായി, 2024-25 കാലയളവിൽ ഡേറ്റഡ് സെക്യൂരിറ്റികൾ വഴിയുള്ള മൊത്ത, നെറ്റ് വിപണി വായ്പകൾ യഥാക്രമം 14.13 ലക്ഷം കോടി രൂപയും 11.75 ലക്ഷം കോടി രൂപയുമായി കണക്കാക്കുന്നു.
കടമെടുപ്പ് ഒഴികെ ആകെ വരവുകളുടെ പുതുക്കിയ എസ്റ്റിമേറ്റ് 27.56 ലക്ഷം കോടി രൂപയാണെന്നും, ഇതിൽ നികുതി വരുമാനം 23.24 ലക്ഷം കോടി രൂപയാണെന്നും ധനമന്ത്രി അറിയിച്ചു. ആകെ ചെലവിൻ്റെ പുതുക്കിയ എസ്റ്റിമേറ്റ് 44.90 ലക്ഷം കോടി രൂപയാണ്. 30.03 ലക്ഷം കോടി രൂപയുടെ റവന്യൂ വരുമാനം ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2014-23 ലെ നേരിട്ടുള്ള വിദേശ നിക്ഷേപം 596 ബില്യൺ യുഎസ് ഡോളറായിരുന്നുവെന്നും, ഇത് ഒരു സുവർണ്ണ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുവെന്നും, ഇത് 2005-14 ലെ നിക്ഷേപത്തിൻ്റെ ഇരട്ടിയാണെന്നും ധനമന്ത്രി അറിയിച്ചു. സുസ്ഥിര വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ‘ആദ്യം ഇന്ത്യ വികസിപ്പിക്കുക’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ നാം വിദേശ പങ്കാളികളുമായി ഉഭയകക്ഷി നിക്ഷേപ ഉടമ്പടികൾ ചർച്ച ചെയ്യുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ‘സബ്കാ കാ സാത്ത്’ എന്ന ആശയത്തിലൂടെ 25 കോടി ജനങ്ങളെ ബഹുതല ദാരിദ്ര്യത്തിൽ നിന്ന് മോചിതരാകാന്‍ സർക്കാർ സഹായിച്ചതായി ധനമന്ത്രി അറിയിച്ചു.
സംരംഭകത്വ അഭിലാഷങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് പിഎം മുദ്ര യോജന വഴി 43 കോടി വായ്പകളിലൂടെ 22.5 ലക്ഷം കോടി രൂപ അനുവദിച്ചതായി അവർ അറിയിച്ചു. വനിതാ സംരംഭകർക്ക് മുപ്പത് കോടി മുദ്ര യോജന വായ്പകള്‍ അനുവദിച്ചു.
2047-ഓടെ ഇന്ത്യയെ വികസിത ഭാരതമാക്കുന്നതിനുള്ള ദിശകളും വികസന സമീപനവും സൂചിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളും തന്ത്രങ്ങളും ഇടക്കാല ബജറ്റിൽ ഉള്‍പ്പെടുന്നു.
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമം) മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കൈവരിക്കാക്കാന്‍ പോവുകയാണെന്നും കുടുംബങ്ങളുടെ എണ്ണത്തിലെ വർദ്ധന മൂലമുണ്ടാകുന്ന ആവശ്യകത നിറവേറ്റുന്നതിനായി അടുത്ത അഞ്ച് വർഷത്തിനകം രണ്ട് കോടി വീടുകൾ കൂടി ഏറ്റെടുക്കുമെന്നും ശ്രീമതി നിർമല സീതാരാമൻ പ്രഖ്യാപനങ്ങള്‍ക്കൊപ്പം അറിയിച്ചു. അതുപോലെ, പുരപ്പുറ സൗരോര്‍ജ വൈദ്യുതീകരണം വഴി ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കും.
പ്രധാനമന്ത്രി കിസാൻ സമ്പദ യോജന 38 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യുകയും 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എൻ്റർപ്രൈസസ് യോജന 2.4 ലക്ഷം സ്വയംസഹായ സംഘങ്ങളെയും അറുപതിനായിരം വ്യക്തികളെയും ക്രെഡിറ്റ് ലിങ്കേജുകള്‍ വഴി സഹായിച്ചു.
സാങ്കേതിക വിദഗ്ധരായ യുവാക്കൾക്കായി അമ്പത് വർഷ കാലയളവില്‍ ഒരു ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പയ്ക്ക് സംവിധാനമൊരുക്കുമെന്ന് ശ്രീമതി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഇതുവഴി ദീർഘ-കാല-വായ്പകളോ, ചെറിയ പലിശനിരക്കിലോ പലിശയില്ലാതെയോ ദീർഘ കാലത്തേക്ക് പുനര്‍വായ്പകളോ ലഭ്യമാക്കുമെന്ന് അവർ അറിയിച്ചു. ‘സൺറൈസ്’ രംഗങ്ങളില്‍ ഗവേഷണവും നവീകരണവും ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് ഇത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
റെയിൽവേയ്ക്കായി, മൂന്ന് പ്രധാന സാമ്പത്തിക റെയിൽവേ ഇടനാഴി പദ്ധതികള്‍ നടപ്പിലാക്കും – 1) ഊർജം, ധാതു, സിമൻ്റ് ഇടനാഴികൾ, 2) തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴികൾ, 3) ഉയർന്ന ഗതാഗത സാന്ദ്രതയുള്ള ഇടനാഴികൾ. കൂടാതെ, യാത്രക്കാരുടെ സുരക്ഷയും സൗകര്യവും യാത്രാസുഖവും വർദ്ധിപ്പിക്കുന്നതിനായി നാൽപ്പതിനായിരം സാധാരണ ട്രെയിന്‍ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തും.
വ്യോമയാന മേഖലയിൽ, വിമാനത്താവളങ്ങളുടെ എണ്ണം 149 ആയി ഉയർന്നതോടെ ഇരട്ടിയായി. ഇന്ന് 517 പുതിയ റൂട്ടുകളില്‍ 1.3 കോടി യാത്രക്കാരുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികൾ 1000-ലധികം പുതിയ വിമാനങ്ങൾക്കായി ഓർഡറുകൾ നൽകിയിട്ടുണ്ട്.
ദ്രുതഗതിയിലുള്ള ജനസംഖ്യാ വർദ്ധനയും ജനസംഖ്യാപരമായ മാറ്റങ്ങളും മൂലം ഉണ്ടാകുന്ന വെല്ലുവിളികൾ വിശദമായി പരിഗണിക്കുന്നതിനായി സർക്കാർ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് ശ്രീമതി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
ഇടക്കാല ബജറ്റിൽ നികുതിയുമായി ബന്ധപ്പെട്ട ഒരു മാറ്റവും നിർദ്ദേശിച്ചിട്ടില്ല. നേരിട്ടുള്ള നികുതികൾക്കും ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള പരോക്ഷ നികുതികൾക്കും അതേ നിരക്കുകൾ നിലനിർത്തി. എന്നിരുന്നാലും, നികുതിയിൽ തുടർച്ച നൽകുന്നതിന്, സ്റ്റാർട്ടപ്പുകൾക്കും ഗവൺമെന്റ് ഫണ്ടുകൾക്കും (sovereign wealth) അല്ലെങ്കിൽ പെൻഷൻ ഫണ്ടുകൾ വഴിയുള്ള നിക്ഷേപങ്ങൾക്കും ചില നികുതി ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്.ചില IFC യൂണിറ്റുകളുടെ നിശ്ചിത വരുമാനത്തിന്മേലുള്ള നികുതി ഇളവുകളും 2025 മാർച്ച് 31 വരെ ഒരു വർഷത്തേക്ക് നീട്ടിയിട്ടുണ്ട്.
ഇതുവരെ പരിഹരിക്കാത്ത നേരിട്ടുള്ള നികുതി ആവശ്യങ്ങൾ പിൻവലിക്കൽ
നിസാരമായതും സ്ഥിരീകരിക്കാത്തതും പരിഹരിക്കപ്പെടാത്തതും തർക്കമുള്ളതുമായ ഒരു വലിയ എണ്ണം പ്രത്യക്ഷ നികുതി ആവശ്യങ്ങൾ ഉണ്ടെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു, അവയിൽ പലതും വർഷം 1962 മുതൽ പഴക്കമുള്ളവയാണ്. അത്തരം കുടിശ്ശികയുള്ള പ്രത്യക്ഷ നികുതി ആവശ്യങ്ങൾ പിൻവലിക്കാൻ ഇടക്കാല ബജറ്റ് നിർദ്ദേശിക്കുന്നു. 2009-10 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ 25000/- രൂപ വരെയും 2010-11 മുതൽ 2014-15 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 10,000/ രൂപവരെയും ആണ് പിൻവലിക്കുക . ഇത് ഒരു കോടിയോളം നികുതിദായകർക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രത്യക്ഷ നികുതി പിരിവ് മൂന്നിരട്ടിയായി
കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രത്യക്ഷ നികുതി പിരിവ് മൂന്നിരട്ടിയിലധികം വർധിച്ചതായും റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണം 2.4 മടങ്ങായി വർധിച്ചതായും ശ്രീമതി സീതാരാമൻ പറഞ്ഞു. നികുതി നിരക്കുകൾ ഗവൺമെൻ്റ് കുറയ്ക്കുകയും യുക്തിസഹമാക്കുകയും ചെയ്‌തിട്ടുണ്ട് എന്ന വസ്തുത അവർ എടുത്തുപറഞ്ഞു. അതുകാരണം പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ബാധ്യതയില്ലാതെ ആയിട്ടുണ്ട് . നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 30% ൽ നിന്ന് 22% ആയും ചില പുതിയ നിർമ്മാണ കമ്പനികൾക്ക് 15% ആയും കുറച്ചതിനെ പറ്റിയും മന്ത്രി പരാമർശിച്ചു. റിട്ടേണുകളുടെ നിർവഹണത്തിന് വേണ്ടിവന്നിരുന്ന ശരാശരി സമയം 2013-14 വർഷത്തിൽ 93 ദിവസങ്ങൾ ആയിരുന്നത് ഈ വർഷം വെറും പത്ത് ദിവസമായി കുറഞ്ഞിരിക്കുന്നു . അതുവഴി റീഫണ്ടുകൾ വേഗത്തിലാക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ജിഎസ്ടി നിർവഹണ ഭാരം കുറച്ചു
ഇടക്കാല ബജറ്റ് പ്രസംഗത്തിൽ, ജിഎസ്ടിയുടെ നികുതി അടിസ്ഥാനം ഇരട്ടിയിലധികം വർധിച്ചുവെന്നും ശരാശരി പ്രതിമാസ മൊത്ത ജിഎസ്ടി സമാഹരണം ഈ വർഷം ഏകദേശം ഇരട്ടിയായി 1.66 ലക്ഷം കോടി ആയതായും മന്ത്രി ചൂണ്ടിക്കാട്ടി. ജി എസ് ടി നിലവിൽ വന്നതിന് ശേഷമുള്ള 2017-18 മുതൽ 2022-23 വരെയുള്ള കാലയളവിൽ, സംസ്ഥാനങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം ഉൾപ്പെടെ, സംസ്ഥാനങ്ങളുടെ എസ് ജി എസ് ടി വരുമാനം 1.22 എന്ന ഉയർന്ന നിലവാരം കൈവരിച്ചു. 2019 മുതൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ, ഇറക്കുമതി ഉൽപ്പന്നങ്ങൾ വിട്ടുകിട്ടുന്ന സമയം ഉൾനാടൻ കണ്ടെയ്‌നർ ഡിപ്പോകളിൽ 47 ശതമാനവും (71 മണിക്കൂർ )എയർ കാർഗോ കോംപ്ലക്സുകളിൽ 28 ശതമാനവും (44 മണിക്കൂർ ) കടൽതീര തുറമുഖങ്ങളിൽ 27 ശതമാനവും( 85 മണിക്കൂർ )കുറഞ്ഞതായി ശ്രീമതി സീതാരാമൻ പറഞ്ഞു.
ധവളപത്രം ഇറക്കൽ
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതിയെക്കുറിച്ച്, ‘2014 വരെ നമ്മൾ എവിടെയായിരുന്നു, ഇപ്പോൾ എവിടെയാണ്. ആ വർഷങ്ങളിലെ കെടുകാര്യസ്ഥതയിൽ നിന്ന് പാഠം ഉൾകൊള്ളാൻ മാത്രം’ എന്നതിൽ ഗവൺമെന്റ് ഒരു ധവളപത്രം പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു.