Kerala News

രാജ്യം സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങൾ സുരക്ഷിതമാകുമ്പോഴെന്ന് മന്ത്രി അബ്ദുറഹ്മാൻ

ഒരു രാജ്യം യഥാർത്ഥത്തിൽ സ്വതന്ത്രമാകുന്നത് അവിടുത്തെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാകുമ്പോഴെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമവകുപ്പിൻ്റെ ആഭിമുഖത്തിൽ ന്യൂനപക്ഷ കമ്മീഷൻ തൃശ്ശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു മതനിരപേക്ഷ ജനാധിപത്യ സമൂഹമായ ഇന്ത്യയിൽ പലയിടത്തും ന്യൂനപക്ഷങ്ങൾക്കെതിരായി ആക്രമണം നടക്കുന്നു. ഹരിയാനയിലും മണിപ്പൂരിലും യു.പി യിലും ഡൽഹിയിലും നടക്കുന്ന സംഭവങ്ങൾ ഇതിനു തെളിവാണ് എന്ന് മന്ത്രി പറഞ്ഞു.

“ലോകത്തെ ഏറ്റവും കൂടുതൽ ജാതിമത വൈവിധ്യമുള്ള രാജ്യമായ ഇന്ത്യയിൽ നാനാത്വങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഇന്ത്യൻ ഭരണഘടയുടെ അടിസ്ഥാന സത്തയ്ക്ക് എതിരാണ്. കേരളം സാമുദായിക ഐക്യത്തിൽ രാജ്യത്തിന് മാതൃകയാണ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഒരു വർഗീയ കലാപങ്ങളും ഇല്ലാത്ത നാടാണ് കേരളം. ഇന്ന് ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായി ന്യൂനപക്ഷങ്ങൾ കഴിയുന്ന സംസ്ഥാനമാണ് നമ്മുടേത്. ഇത് തുടരണം. എല്ലാവർക്കും സുരക്ഷിതമായി കഴിയാൻ ആകുന്ന ഒരു സംസ്ഥാനമായി കേരളത്തെ നിലനിർത്താൻ നമുക്കാകണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ പഠിക്കാൻ ഒന്നാം പിണറായി സർക്കാർ രൂപികരിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ്റെ റിപ്പോർട്ടിൽ 284 ശുപാർശകളാണ് ഉള്ളത്. ഈ ശുപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. ഉടൻ റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ് .
ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങളെന്ന വ്യത്യാസമില്ലാതെ എല്ലാവരോടും ഒരുപോലെ നീതി കാണിച്ചു കൊണ്ടാകും സർക്കാർ മുന്നോട്ടു പോകുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

തൃശൂർ മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടപ്പിച്ച പരിപാടിയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ. എ. റഷീദ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാർ ഓഗിൻ കുര്യക്കോസ്, സ്വതന്ത്ര സുറിയാനി സഭാ അധ്യക്ഷൻ സിറിൽ മാർ ബസേലിയസ്, തൃശ്ശൂർ മേയർ എം. കെ വർഗീസ്, കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ എ സൈഫുദ്ദീൻ, പി റോസ, കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് ചാക്കോള, ജൈന സമുദായ പ്രതിനിധി എം.എ രാജേഷ്, ബുദ്ധമത പ്രതിനിധി ഹരിദാസ് ബോധ്, ഡെപ്യൂട്ടി കളക്ടർ സനീറ കബീർ, മറ്റ് ന്യൂനപക്ഷ പതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രമുഖ മാധ്യമ പ്രവർത്തകൻ ടി എം ഹർഷൻ മുഖ്യ പ്രഭാഷണം നടത്തി. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ സഫ്ന നാസറുദ്ദീൻ സ്വാഗതവും, കേരള ന്യൂനപക്ഷ കമ്മീഷൻ മെമ്പർ സെക്രട്ടറി എച്ച് നിസാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *