ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തു നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിനായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സ്‌കൂളുകൾ തമ്മിലാണ് മത്സരം. അധ്യാപകരും വിദ്യാർഥികളും ചേർന്ന് തയ്യാറാക്കുന്ന ആയിരം റീലുകൾ സമൂഹ മാധ്യമങ്ങളിൽ സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തും. യുവജനോത്സവസന്ദേശം പൊതുസമൂഹത്തിനു മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സന്ദേശ വീഡിയോകളും കലോത്സവ പ്രചാരണത്തിനുണ്ടാവും.
സ്‌കൂളുകൾക്ക് പുറമെ പൊതു വിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ സ്ഥാപനങ്ങളും റീലുകൾ തയ്യാറാക്കും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയുടെ (SIET) ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്‌കൂൾ ശുചിത്വം, പ്രകൃതി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് റീലുകൾ നിർമ്മിക്കേണ്ടത്. കലോത്സവത്തിന്റെ വിവിധ വേദികൾക്ക് നദികളുടെ പേരുകൾ നിശ്ചയിച്ചിട്ടുള്ളതിനാൽ നദികളെയും റീലിനു വിഷയമാക്കാം. സാമൂഹ്യ – സാംസ്‌കാരിക തനിമയുള്ള ഒരു മിനിട്ട് വരെ ദൈർഘ്യമുള്ള റീലുകളാണ് പരിഗണിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തി മികച്ച സ്‌കൂളുകൾക്ക് സമ്മാനങ്ങൾ നൽകും. മൽസരത്തിനുള്ള റീലുകൾ ഡിസംബർ 25 നു മുൻപായി keralaschoolkalolsavam@gmail.com ഇ-മെയിൽ വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2338541.
റീൽസ് ഉത്സവത്തിന്റെ ഭാഗമായി ആദ്യം തയ്യാറാക്കിയ 4 റീലുകൾ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ജില്ലാ കളക്ടർ അനുകുമാരിക്ക് നൽകി പ്രകാശനം ചെയ്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, എ.ഡി.എം. പി.കെ വിനീത് എന്നിവർ പങ്കെടുത്തു.