ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില് കാണാതായവരുടെ പട്ടിക ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ഇതോടെ ഇവരെ മരിച്ചവരായി കണക്കാക്കി മരണ സര്‍ട്ടിഫിക്കറ്റുകള് നല്‍കുകയും സര്‍ക്കാര് ആനുകൂല്യങ്ങള് വിതരണം ചെയ്യുകയും ചെയ്യും.
ദുരന്തത്തില് 298 പേര് മരിച്ചതായി ഔദ്യോഗിക കണക്കുകള് വ്യക്തമാക്കുന്നു. 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.167 മൃതദേഹങ്ങള് ബന്ധുക്കള് തിരിച്ചറിഞ്ഞിട്ടുണ്ട്, മൊത്തം തിരിച്ചറിയപ്പെട്ടത് 266 പേരെ. ഇതുവരെ തിരിച്ചറിയപ്പെടാത്ത 32 പേരുടെ പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു.
വെല്ലരി മല വില്ലേജ് ഓഫിസര്, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന് ഹൗസ് ഓഫിസര് എന്നിവര് ചേര്‍ന്ന് തയ്യാറാക്കിയ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് അംഗീകരിച്ചത്. ഇത് സംസ്ഥാനതല സമിതി പിന്നീട് പരിശോധിക്കും.
അംഗീകരിച്ച പട്ടികയിലെ 32 പേരെയും ദുരന്തത്തില് മരിച്ചവരായി കണക്കാക്കി സര്‍ക്കാര് ഉത്തരവ് ഉടന് പുറപ്പെടുവിക്കും. ഇതിനായി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അതാത് സര്‍ക്കാര് ആനുകൂല്യങ്ങള് അനുവദിക്കും. ഇത് വരെ നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള് ഈ പട്ടികയിലെ പേരുകള്‍ക്കും ബാധകമാക്കും.





