Education Kerala

ബൗദ്ധികസ്വത്ത് സംരക്ഷണം: എഞ്ചിനീയറിംഗ് കോളേജുകൾക്കായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം: മന്ത്രി ഡോ. ബിന്ദു

എറണാകുളം: ബൗദ്ധികസ്വത്തിന്റെ സംരക്ഷണം, സാങ്കേതിക കൈമാറ്റം, വാണിജ്യവല്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുമായി സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ ഗവേഷണങ്ങൾക്ക് പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള മാർഗ്ഗ നിർദേശങ്ങൾ, വ്യാവസായിക സഹകരണം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതിക സഹായം ലഭ്യമാക്കാനാണ്      ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ബിസിനസ്സ് ഇൻക്യൂബേറ്ററായ ടൈ മെഡുമായി കൈകോർക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ടൈ മെഡിന്റെ റീജിയണൽ ടെക്‌നോളജി ട്രാൻസ്ഫർ ഓഫീസായ ടിപ്‌സ് @ ടൈമെഡ് ആണ് ഈ സേവനങ്ങൾ എഞ്ചിനീയറിംഗ് കോളേജുകളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സംരംഭകർക്കും ലഭ്യമാക്കുക. ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക കൈമാറ്റം എന്നിവ സംബന്ധിച്ച്  സെമിനാറുകൾ, വെബിനാറുകൾ, പരിശീലന പരിപാടികൾ, ശില്പശാലകൾ മുതലായവ ഇതിന്റെ ഭാഗമായി ഒരുക്കും. ഒപ്പം, പേറ്റന്റ് സെർച്ച്, പേറ്റന്റബിലിറ്റി റിപ്പോർട്ടുകൾ, പേറ്റന്റ് ഡ്രാഫ്റ്റിംഗ്, പേറ്റന്റ് ഫയലിംഗ്, നോവെൽറ്റി സെർച്ച് എന്നിവയ്ക്കുവേണ്ട മാർഗ്ഗനിർദേശങ്ങളും ഇവർ നൽകും.  വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്ക് പേറ്റന്റ് എടുക്കാനും അവ വാണിജ്യവത്കരിക്കാനുമുള്ള സഹായവും ബൗദ്ധിക സ്വത്തിന്റെ മൂല്യനിർണ്ണയത്തിനുള്ള സഹായവും ഇതിന്റെ ഭാഗമാകും.

സർക്കാർ സ്ഥാപനങ്ങൾക്കായി ബൗദ്ധികസ്വത്ത് നയം രൂപീകരിക്കുന്ന വിഷയം പരിഗണനയിലാണ്. വിജ്ഞാന സമ്പദ്-വ്യവസ്ഥയ്ക്ക് മികച്ച സംഭാവനകൾ ചെയ്യാൻ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്ന ചുവടുവയ്പ്പിന്റെ ഭാഗമാണീ ധാരണാപത്രമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *