വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഉപഭോക്തൃകോടതി വാറണ്ട് പുറപ്പെടുവിച്ചപ്പോൾ എതിർകക്ഷി വിധിസംഖ്യ നൽകി കേസ് അവസാനിപ്പിച്ചു. ചാലക്കുടി പോട്ട സ്വദേശി ബെർളി സെബാസ്റ്റ്യൻ ഫയൽ ചെയ്ത ഹർജിയിലാണ്, തൃശൂർ കുട്ടനെല്ലൂരിലുള്ള ഇറാം മോട്ടോർസ് പി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, പോലീസ് മുഖേനെ വാറണ്ട് അയച്ചപ്പോൾ സംഖ്യ നൽകി ഇപ്രകാരം തീർക്കുകയുണ്ടായത്. വാഹനബുക്കിംഗ് റദ്ദ് ചെയ്തിട്ടും ബുക്കിംഗ് സംഖ്യ തിരികെ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബെർളിക്ക് ബുക്കിംഗ് തുക 25000 രൂപയും നഷ്ടപരിഹാരവും നൽകുവാൻ വിധിയായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കേണ്ടതുണ്ടായിരുന്നു. വിധി പാലിക്കാതിരുന്ന സാഹചര്യത്തിൽ ഉപഭോക്തൃകോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. തുടർന്ന് വിധിപ്രകാരമുള്ള സംഖ്യയും നഷ്ടവും പലിശയും അടക്കം 35,500 രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് ഹർജിക്കാരന് നല്കി അപേക്ഷ നല്കിയ സാഹചര്യത്തിൽ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിക്കെതിരെയുള്ള നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
