കൊച്ചി: കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് തൃക്കാക്കര എസിപി പിവി ബേബി. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതിന് പിന്നിൽ ആരൊക്കെയുണ്ടെന്നത് കൂടുതൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ വ്യക്തമാക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ നടന്ന പരിശോധനയിൽ കഞ്ചാവ് എത്തിച്ച് നൽകിയത് ആഷിഖ്, ഷാരിൽ എന്നിവർ ആയിരുന്നെന്ന് കണ്ടെത്തിയതിനാൽ ഇരുവരെയും അറസ്റ്റ് ചെയ്തു. കഞ്ചാവ് കണ്ടെത്തിയ മുറിയിൽ താമസിച്ചിരുന്ന മറ്റ് രണ്ട് പേരുടെയും പങ്ക് അന്വേഷണവിധേയമാണെന്നും തെളിവുകൾ ലഭിച്ചാൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും എസിപി വ്യക്തമാക്കി.
സംഭവത്തിൽ കെഎസ്‌യു നേതാവ് ആദിലും വിദ്യാർത്ഥിയായ അനന്തുവും ഉൾപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷണം ചെയ്യുന്നുണ്ട്. റെയ്ഡ് സമയത്ത് ഇവർ മുറിയിലുണ്ടായിരുന്നില്ല. അറസ്റ്റിലായ ആകാശിന്റെ റൂംമേറ്റാണ് കെഎസ്‌യു നേതാവായ ആദിൽ എന്ന വിവരവും പൊലീസ് സ്ഥിരീകരിച്ചു.
കേസിൽ ആദ്യം അറസ്റ്റിലായവർ കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശ് (21), ആലപ്പുഴ കാർത്തികപ്പിള്ളി സ്വദേശി ആദിത്യൻ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആർ. അഭിരാജ് (21) എന്നിവരാണ്. സംഭവത്തിൽ രണ്ട് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.





