കൊച്ചി: വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ് തികയുന്നതിന്റെ തലേന്ന് വരെയുണ്ടെന്ന് കേരള ഹൈക്കോടതി നിർണ്ണയിച്ചു. 50 വയസായെന്ന് പറഞ്ഞ് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പുതിയ വിധി പുറപ്പെടുവിച്ചു.
വാടക ഗർഭധാരണ നിയമപ്രകാരമുള്ള പ്രായപരിധി സ്ത്രീകൾക്ക് 23 മുതൽ 50 വയസും, പുരുഷന്മാർക്ക് 26 മുതൽ 55 വയസുമാണ്. 51 വയസ് തികയുന്നതിന് മുൻപുള്ള മുഴുവൻ കാലയളവും ഈ പരിധിയിൽ ഉൾപ്പെടുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കണ്ണൂർ സ്വദേശികളായ ദമ്പതികൾക്ക് വാടക ഗർഭപാത്രത്തിലൂടെ മാതൃത്വം കൈവരിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ ഹർജിക്കാരിയുടെ സ്‌കൂൾ രേഖയിൽ ജനനത്തീയതി 1974 ജൂൺ 21 ആയതിനാൽ പ്രായപരിധി കഴിഞ്ഞെന്ന് വിലയിരുത്തി സറോഗസി ബോർഡ് അനുമതി നിഷേധിച്ചു.
ആധാർ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകളിൽ 1978 ജൂൺ 21 എന്ന ജനനത്തീയതിയാണുള്ളത്, എന്നാൽ ബോർഡ് ഇത് പരിഗണിച്ചില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെ തുടർന്ന് ദമ്പതികൾ അപ്പീൽ നൽകിയിരുന്നു.
പ്രായം കണക്കാക്കാൻ സ്‌കൂൾ രേഖകളാണ് ആധികാരികമെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. കൂടാതെ, നിയമ വ്യാഖ്യാനം ജനങ്ങളുടെ അവകാശങ്ങളെയും ജീവിതത്തെയും ബാധിക്കുന്നതിനാൽ അത് ദുര്‍ഗ്രഹിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.





