Kerala News

കളമശേരി ലഹരി വേട്ട: ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികൾ, രണ്ട് പേർ പിടിയിൽ

കൊച്ചി: കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതായി കണ്ടെത്തിയ ആഷിഖ്, ഷാരിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം കോളജിൽ നിന്ന് പഠനം അവസാനിപ്പിച്ചവരാണ് ഇരുവരും.

പോളിടെക്നിക്കിൽ നിന്ന് സെമസ്റ്റർ ഔട്ട് ആയ വിദ്യാർത്ഥിയാണ് ആഷിഖ്. വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷമാണ് ഇയാൾ ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് കരുതുന്നു. ലഹരി കിട്ടിയ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

മുൻപ് പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ വിദ്യാർത്ഥികൾക്കെതിരായ തെളിവുകൾ ലഭിച്ചത്. ഹോസ്റ്റലിൽ തുടർച്ചയായി എത്തിക്കാനായിരുന്നു ആഷിഖിന്റെ ശ്രമം.

പൊലീസ് ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും പരിശോധിക്കാൻ ഒരുങ്ങുകയാണ്. ഹോളി ആഘോഷത്തോട് അനുബന്ധിച്ച് 500 രൂപ മുതലാണ് ലഹരി വിൽപ്പന നടന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണവും നടക്കുന്നു.

അതേസമയം, ഇതേ കേസിൽ കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശ് (21), ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യൻ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആർ. അഭിരാജ് (21) എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *