
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കുങ്കുമപ്പൂവ്. ഇന്ത്യയിൽ കുങ്കുമപ്പൂ കൃഷിയുടെ പേരിനൊപ്പം ആദ്യം ഉയർന്നുവരുന്നത് കശ്മീരാണ്. ലോകതലത്തിൽ ഏറ്റവും വലിയ ഉൽപാദകരിൽ ഒന്നായ ഇറാനും കുങ്കുമപ്പൂ കൃഷിയിൽ മുന്നിലാണ്. എന്നാൽ കേരളത്തിൻ്റെ ചൂടും ഈർപ്പവും ഉൾപ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ കുങ്കുമപ്പൂ കൃഷിക്ക് പൊതുവേ അനുകൂലമല്ലെന്നാണ് വിലയിരുത്തൽ.
ഇത്തരം പരിമിതികളെയെല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടെ മറികടക്കുകയാണ് തൃശൂർ പുത്തൂർ സ്വദേശി ജെയിംസ്. സ്വന്തം വീടിൻ്റെ ടെറസിൽ, മണ്ണില്ലാതെ, നിയന്ത്രിത അന്തരീക്ഷത്തിൽ കുങ്കുമപ്പൂ കൃഷിയൊരുക്കി പരീക്ഷണാടിസ്ഥാനത്തിൽ വിജയം നേടിയിരിക്കുകയാണ് അദ്ദേഹം. പരമ്പരാഗത കൃഷിരീതികളിൽനിന്ന് വ്യത്യസ്തമായ ഈ സംരംഭം കേരളത്തിൽ കുങ്കുമപ്പൂ കൃഷിയുടെ സാധ്യതകളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.
കയറ്റുമതിയിൽ നിന്ന് കുങ്കുമപ്പൂവിലേക്ക്
അരി, പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ജെയിംസ്. കയറ്റുമതി മേഖലയിൽ വൻകിട സംരംഭകർ ഏറെയുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് മറ്റുള്ളവർ അധികം കടന്നുവരാത്ത ഒരു മേഖലയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്.

“എനിക്കും ഈ മേഖലയിൽ വലിയൊരു സംരംഭകനാകണമെങ്കിൽ അടുത്തതായി എന്താണ് ചെയ്യേണ്ടത്?” എന്ന ചിന്തയാണ് ഒടുവിൽ കുങ്കുമപ്പൂ കൃഷിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
ഒരു വർഷത്തിലേറെയായി കുങ്കുമപ്പൂ കൃഷിയുടെ സാധ്യതകളെക്കുറിച്ചും വിവിധ കൃഷിരീതികളെക്കുറിച്ചും ജെയിംസ് പഠനം നടത്തി. കശ്മീർ, ബംഗളൂരു, വയനാട്, പൂനെ, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ കുങ്കുമപ്പൂ കൃഷി ചെയ്യുന്നവരെ നേരിട്ട് സന്ദർശിച്ച് രീതികൾ മനസിലാക്കി. മണ്ണിൽ കൃഷി ചെയ്യുന്ന രീതികൾക്കൊപ്പം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷിരീതികളും അദ്ദേഹം പഠിച്ചു.

350 ചതുരശ്ര അടി സ്ഥലത്ത് ഒരു ഏക്കറിൻ്റെ സാധ്യത
ജെയിംസിൻ്റെ കൃഷിരീതിയുടെ ഏറ്റവും വലിയ പ്രത്യേകത മണ്ണിൻ്റെ ഉപയോഗമില്ല എന്നതാണ്. കശ്മീരിലെ മണ്ണിൽ വളരുന്ന കുങ്കുമപ്പൂവിനെ നിയന്ത്രിത അന്തരീക്ഷത്തിൽ ടെറസിലെ ഏകദേശം 350 ചതുരശ്ര അടി സ്ഥലത്താണ് അദ്ദേഹം വളർത്തുന്നത്.
ഒരു ഏക്കർ സ്ഥലത്ത് പരമ്പരാഗതമായി ഒരുക്കാവുന്ന കൃഷിയുടെ സാധ്യതകൾ വളരെ ചെറിയ വിസ്തൃതിയിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷിക്കുകയാണ് ജെയിംസ്.
കുങ്കുമപ്പൂവ് കാലാവസ്ഥയിലെ ചെറിയ വ്യതിയാനങ്ങൾ പോലും വിളവിനെ സ്വാധീനിക്കുന്ന വിളയാണ്. അതിനാൽ താപനില, ഈർപ്പം, ജലലഭ്യത തുടങ്ങിയ ഘടകങ്ങൾ കൃത്യമായി നിയന്ത്രിക്കേണ്ടതുണ്ട്. വിവിധ വർഷങ്ങളിലെ വിളവിനെ സ്വാധീനിച്ച ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചും പഠിച്ചുമാണ് ജെയിംസ് കൃഷിയിലേക്ക് കടന്നത്.

“വ്യക്തമായ പഠനമില്ലാതെ കുങ്കുമപ്പൂ കൃഷിയിലേക്ക് ഇറങ്ങിയാൽ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. താപനിലയും ഹ്യുമിഡിറ്റിയും കൃത്യമായി മനസിലാക്കുകയാണ് പ്രധാനപ്പെട്ടത്,” ജെയിംസ് പറയുന്നു.
കൃത്രിമമായി ഒരുക്കിയ കശ്മീരിൻ്റെ കാലാവസ്ഥ
കേരളത്തിലെ കാലാവസ്ഥ കുങ്കുമപ്പൂവിന് അനുയോജ്യമാക്കുന്നതിനായി നിയന്ത്രിത അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. താപനില നിയന്ത്രിക്കുന്നതിനായി ചില്ലർ പ്ലാൻ്റ് സ്ഥാപിച്ചിട്ടുണ്ട്. റഫ്രിജറേറ്റർ പ്രവർത്തിക്കുന്നതിന് സമാനമായ രീതിയിലാണ് സംവിധാനത്തിൻ്റെ പ്രവർത്തനം.
പഫ് പാനലുകൾ ഉപയോഗിച്ച് പുറത്തെ താപനിലയും അകത്തെ താപനിലയും നിയന്ത്രിക്കുന്നു. ആവശ്യമായ ജലസേചന സംവിധാനങ്ങൾ, ഗ്രോ ലൈറ്റുകൾ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. മണ്ണിനടിയിൽ കുങ്കുമപ്പൂവിൻ്റെ വളർച്ചയ്ക്ക് ആവശ്യമായ സാഹചര്യം എങ്ങനെയാണോ, അതിന് സമാനമായ അന്തരീക്ഷം കൃത്രിമമായി ഒരുക്കുകയാണ് ലക്ഷ്യം.
എയറോഫോണിക് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹൈഡ്രോപോണിക് രീതിയും പരീക്ഷിച്ച് വിജയിച്ചതായി ജെയിംസ് പറയുന്നു. അടുത്ത ഘട്ടത്തിൽ ഹൈഡ്രോപോണിക്, എയറോഫോണിക് രീതികളിൽ കൂടുതൽ വിപുലമായി കൃഷി ചെയ്യുകയാണ് ലക്ഷ്യം.

ആറു മുതൽ എട്ട് ആഴ്ചയിൽ പൂവ്
കശ്മീരിൽനിന്നുള്ള വിത്തുകളാണ് ജെയിംസ് കൃഷിക്കായി ഉപയോഗിക്കുന്നത്. സാധാരണയായി ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിലാണ് പൂക്കൾ വിരിയുന്നത്. പൂ വിരിഞ്ഞതിന് ശേഷം ഏകദേശം രണ്ട് ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്തുന്നു. തുടർന്ന് ഏകദേശം രണ്ട് മാസത്തോളം വിളവെടുപ്പ് തുടരാനാകും.
500 കിലോഗ്രാം സീഡ് ഉപയോഗിച്ചുള്ള ഉൽപാദനമാണ് ജെയിംസ് തൻ്റെ പരീക്ഷണശാലയിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽനിന്ന് ഏകദേശം അരക്കിലോ മുതൽ മുക്കാൽ കിലോ വരെ കുങ്കുമപ്പൂ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കുങ്കുമപ്പൂവിൻ്റെ പൂവിനുള്ളിലെ സ്റ്റിഗ്മയ്ക്കാണ് പ്രധാന വിപണി. ഇതളുകൾക്കും വിപണിയിൽ ആവശ്യക്കാരുണ്ട്. ഗുണമേന്മയുള്ള കുങ്കുമപ്പൂവിന് വിപണിയിൽ മികച്ച ആവശ്യകതയുണ്ടെന്നും ജെയിംസ് പറയുന്നു.

വിപണി സാധ്യതയും മൂല്യവും
ഇന്ത്യൻ കുങ്കുമപ്പൂവിന് അന്താരാഷ്ട്ര വിപണിയിൽ പ്രത്യേക മൂല്യമുണ്ട്. പ്രത്യേകിച്ച് കശ്മീരി കുങ്കുമപ്പൂവിന് ഗുണനിലവാരത്തിലും വിലയിലും മുൻതൂക്കമുണ്ട്. ഇറാനിൽ നിന്നുള്ള കുങ്കുമപ്പൂവിന് ഇന്ത്യയിലെ കുങ്കുമപ്പൂവിനെ അപേക്ഷിച്ച് കുറഞ്ഞ വില ലഭിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ കുങ്കുമപ്പൂവിന് വലിയ വിപണി സാധ്യതയുണ്ടെന്നാണ് ജെയിംസിൻ്റെ വിലയിരുത്തൽ.
കുങ്കുമപ്പൂവിൻ്റെ ഗുണമേന്മയെക്കുറിച്ച് ബോധ്യമുള്ള ഉപഭോക്താക്കൾ തൻ്റെ ഉൽപന്നം തേടിയെത്തുന്നുണ്ടെന്നും വിപണിയിൽ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറയുന്നു.

നിക്ഷേപത്തിനൊപ്പം സൂക്ഷ്മപരിചരണവും
കുങ്കുമപ്പൂ കൃഷിയിൽ തുടക്കത്തിലെ നിക്ഷേപം താരതമ്യേന ഉയർന്നതാണ്. ഏകദേശം 20 ലക്ഷം രൂപ നിക്ഷേപിക്കുന്ന പദ്ധതിക്ക് 15 ലക്ഷം രൂപയോളം റണ്ണിങ് കോസ്റ്റായി വരാമെന്നാണ് ജെയിംസിൻ്റെ കണക്ക്. എന്നാൽ ശരിയായ രീതിയിൽ കൃഷി നടത്താനും നല്ല വിളവ് നേടാനും കഴിഞ്ഞാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ നിക്ഷേപം തിരിച്ചുപിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ അനുഭവം.
എന്നാൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കൃഷിയാണിത്. ചെടികളിൽ കണ്ടാമിനേഷൻ ഉണ്ടാകാതിരിക്കുകയാണ് പ്രധാന വെല്ലുവിളികളിലൊന്ന്. അതിനാൽ പരീക്ഷണശാലയിൽ പ്രവേശിക്കുന്നവർക്ക് പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാണ്.
വിളവെടുപ്പ് സമയത്തൊഴികെ ലാബിൽ നേരിട്ട് പ്രവേശിക്കേണ്ട സാഹചര്യം പരമാവധി കുറച്ചിട്ടുണ്ട്. ജലസേചനം, താപനില നിയന്ത്രണം തുടങ്ങിയ പരിചരണ പ്രവർത്തനങ്ങൾ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് നടക്കുന്നത്. എന്തെങ്കിലും അസാധാരണമായ മാറ്റമുണ്ടായാൽ സിസ്റ്റത്തിലേക്കോ മൊബൈൽ ഫോണിലേക്കോ അലർട്ട് ലഭിക്കുന്ന രീതിയിലാണ് സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ജൈവരീതിക്ക് പ്രാധാന്യം
ഓർഗാനിക് സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള ശ്രമവും ജെയിംസ് നടത്തുന്നുണ്ട്. അതിനാൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയാണ് കൃഷി നടത്തുന്നത്. നിയന്ത്രിത അന്തരീക്ഷത്തിൽ കൃഷി ചെയ്യുന്നതിനാൽ കീടബാധയും മറ്റ് പ്രശ്നങ്ങളും കുറയ്ക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ.
മാറുന്ന കാലാവസ്ഥ കുങ്കുമപ്പൂ കൃഷിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണെന്നും ജെയിംസ് ചൂണ്ടിക്കാട്ടുന്നു. കശ്മീരിലായാലും കേരളത്തിലായാലും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ കൃഷിയെ ബാധിക്കാം. അതുകൊണ്ടുതന്നെ നിയന്ത്രിത അന്തരീക്ഷത്തിലെ കൃഷിരീതികൾക്ക് ഭാവിയിൽ കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രതീക്ഷ.

പരീക്ഷണത്തിൽ നിന്ന് സംരംഭത്തിലേക്ക്
ഇപ്പോൾ പരീക്ഷണഘട്ടത്തിലാണെങ്കിലും കുങ്കുമപ്പൂ കൃഷിയെ വലിയൊരു സംരംഭമാക്കി മാറ്റുകയാണ് ജെയിംസിൻ്റെ ലക്ഷ്യം. ഹൈഡ്രോപോണിക്, എയറോഫോണിക് സംവിധാനങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തി ഉൽപാദനം വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
കേരളത്തിൽ കുങ്കുമപ്പൂ കൃഷി സാധ്യമല്ലെന്ന പൊതുധാരണയ്ക്ക് സാങ്കേതികവിദ്യയിലൂടെ പുതിയൊരു മറുപടി നൽകുകയാണ് പുത്തൂരിലെ ഈ കർഷകൻ. കാലാവസ്ഥയെ നിയന്ത്രിത അന്തരീക്ഷത്തിലേക്ക് മാറ്റി, മണ്ണില്ലാതെയും ഉയർന്ന മൂല്യമുള്ള ഒരു സുഗന്ധവ്യഞ്ജനം ഉൽപാദിപ്പിക്കാമെന്ന സാധ്യതയാണ് ജെയിംസിൻ്റെ കൃഷിയിടം മുന്നോട്ടുവയ്ക്കുന്നത്.

കുങ്കുമപ്പൂ കൃഷിയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായവും മാർഗനിർദേശവും നൽകാൻ തയ്യാറാണെന്നും ജെയിംസ് പറയുന്നു. കൃത്യമായ പഠനവും സാങ്കേതിക പരിജ്ഞാനവും വിപണി ധാരണയും ഉണ്ടെങ്കിൽ കേരളത്തിലും കുങ്കുമപ്പൂ കൃഷിക്ക് പുതിയൊരു അധ്യായം തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.




