

തൃശൂരിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ ‘വികസിത തൃശൂർ മാനിഫെസ്റ്റോ’ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ഡൽഹിയിൽ മൂന്ന് നിർണ്ണായക മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. തൃശൂരിന്റെ വികസനരേഖയ്ക്ക് കേന്ദ്രതലത്തിൽ മുൻതൂക്കം നൽകുമെന്ന് അദ്ദേഹം ഉറപ്പിച്ചു.
ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രിയായ നിർമ്മല സീതാരാമന് മാനിഫെസ്റ്റോ സമർപ്പിച്ചു. തൃശൂരിലെ അടിസ്ഥാന സൗകര്യ വികസനം, സംരംഭകത്വം, സമഗ്ര വികസന പദ്ധതികൾ എന്നിവയ്ക്ക് ആവശ്യമായ കേന്ദ്ര ഫണ്ടും സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കുന്നതിൽ ഈ മന്ത്രാലയത്തിന്റെ പങ്ക് നിർണ്ണായകമാണ്.
കൃഷി, കർഷകക്ഷേമം, ഗ്രാമവികസനം എന്നിവയുടെ മന്ത്രിയായ ശിവരാജ് സിംഗ് ചൗഹാനുമായി ഫലപ്രദമായ ചര്‍ച്ച നടന്നു. മണ്ഡലത്തിലെ ഗ്രാമങ്ങളുടെ വളർച്ചക്കും കർഷകർക്ക് പരമാവധി പിന്തുണക്കും ആവശ്യമായ പദ്ധതികളെക്കുറിച്ച് പ്രത്യേകമായി സംസാരിച്ചു. “ഞാൻ തൃശൂരിലെ ജനങ്ങൾക്കൊപ്പമുണ്ട്!” എന്ന മന്ത്രി ചൗഹാന്റെ ഉറപ്പ് സുരേഷ് ഗോപിക്ക് വലിയ ബലമായെന്നും അദ്ദേഹം പറഞ്ഞു.
ഭവന, നഗരകാര്യ, ഊർജ്ജ വകുപ്പുകളുടെ മന്ത്രിയായ മനോഹർ ലാലിന് മാനിഫെസ്റ്റോ കൈമാറി. നഗരങ്ങളുടെ അടിസ്ഥാന സൗകര്യ നവീകരണം, എല്ലാവർക്കും മെച്ചപ്പെട്ട ഭവനം, ജില്ലയിൽ വൈദ്യുതി ശൃംഖല ശക്തിപ്പെടുത്തൽ എന്നിവയ്ക്കായുള്ള കേന്ദ്രസഹായം ഉറപ്പാക്കുന്നതിൽ അദ്ദേഹത്തിന്റെ പിന്തുണ നിർണായകമായിരിക്കും.





