ന്യൂഡല്‍ഹി: ഹൈവേകളില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസ്സം ഒഴിവാക്കാനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ച ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പാസ് സ്വാതന്ത്ര്യദിനമായ നാളെ ( വെള്ളിയാഴ്ച) അവതരിപ്പിക്കും. വാര്‍ഷിക ടോള്‍ ചെലവ് 10,000 ല്‍ നിന്ന് 3,000 ആയി കുറയുന്നതിലൂടെ ഹൈവേ ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയുമെന്നാണ് പുതിയ സ്‌കീമിന്റെ പ്രഖ്യാപന വേളയില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്.
ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാന്‍ ഈ നീക്കം സഹായിക്കും. അതുവഴി ഗതാഗതം സുഗമമാക്കാനും യാത്രാ സമയം കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടോള്‍ പ്ലാസകളുടെ 60 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരുടെ ടോളുമായി ബന്ധപ്പെട്ട് പരാതികളും യാത്രാതടസ്സവും കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വാര്‍ഷിക പാസ് കൊണ്ടുവരുന്നത്.





