ഐസോള്‍: തദ്ദേശീയ കരകൗശല പാരമ്പര്യം സംരക്ഷിക്കാനും ഗോത്രവിഭാഗ കരകൗശല തൊഴിലാളികള്‍ക്ക് മികച്ച വിപണി ലഭ്യമാക്കാനും നടപടി ശക്തമാക്കണമെന്ന് മിസോറം മുഖ്യമന്ത്രി ലാല്‍ദുഹോമ ആവശ്യപ്പെട്ടു.
ഐസോളില്‍ ആരംഭിച്ച ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സോ ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ജനങ്ങളുടെ ചരിത്രവും സാംസ്‌കാരിക വ്യക്തിത്വവും രേഖാമൂലമുള്ള ചരിത്രത്തിന് മുമ്പേ പരമ്പരാഗത വസ്ത്രധാരണം, കരകൗശല വസ്തുക്കള്‍, തദ്ദേശീയ നൈപുണ്യങ്ങള്‍ എന്നിവയിലൂടെ സംരക്ഷിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഡെവലപ്‌മെൻ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (TRIFED)യും മിസോറാം സഹകരണ വകുപ്പും സംയുക്തമായാണ് സോ ഫെയര്‍ സംഘടിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും മിസോറാമിൻ്റെ വിവിധ ഭാഗങ്ങളിലെയും കരകൗശല തൊഴിലാളികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. പരമ്പരാഗത കരകൗശല വസ്തുക്കള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍, വനവിഭവങ്ങള്‍, തദ്ദേശീയ ഭക്ഷ്യവിഭവങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന മേള ഗോത്രവിഭാഗങ്ങളുടെ പാരമ്പര്യവും ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിപണന സാധ്യതകളും ലക്ഷ്യമിട്ടുകൊണ്ടാണ് പ്രവർത്തിക്കുന്നത്.





