മുംബൈ: മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ച നേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എന്‍സിപി (എസ്.പി.) അധ്യക്ഷന്‍ ശരദ് പവാറിൻ്റെ റെക്കോര്‍ഡാണ് ഫഡ്നാവിസ് മറികടന്നത്.
മഹാരാഷ്ട്ര നിയമസഭയുടെ രേഖകള്‍ പ്രകാരം, 2026 ജൂലൈ 12 വരെ മൂന്ന് വ്യത്യസ്ത കാലാവധികളിലായി ഫഡ്നാവിസ് 2,430 ദിവസം മുഖ്യമന്ത്രി പദവിയില്‍ സേവനമനുഷ്ഠിച്ചു. നാല് കാലാവധികളിലായി 2,412 ദിവസം മുഖ്യമന്ത്രി ആയിരുന്ന ശരദ് പവാറിൻ്റെ ആകെ സേവനകാലത്തെയാണ് അദ്ദേഹം പിന്നിലാക്കിയത്.
സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തിയായി മുന്‍ മുഖ്യമന്ത്രി വസന്ത്‌റാവു നായിക് തുടരുകയാണ്. 4,096 ദിവസം (11 വര്‍ഷവും 78 ദിവസവും) അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നു. രണ്ടാം സ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖാണ് ഉള്ളത്. വിവിധ കാലാവധികളിലായി 2,686 ദിവസം (ഏകദേശം ഏഴ് വര്‍ഷവും 129 ദിവസവും) അദ്ദേഹം മുഖ്യമന്ത്രി പദവിയില്‍ സേവനമനുഷ്ഠിച്ചു.





