
തൃശൂർ ജില്ലയിലെ മുളംങ്കുന്നത്തു കാവിൽ ആഫ്രിക്കൻ പന്നിപനി സ്ഥീരീകരിച്ചു മൃഗസംരക്ഷണവകുപ്പ്. ഭോപ്പാലിലെ NIHSAD ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. മുളംങ്കുന്നത്തു കാവ് ഗ്രാമപഞ്ചായത്തിലെ 6ആം വാർഡിലാണ് രോഗാണുബാധ സ്ഥിരീകരിച്ചത്. പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാൻ സാധ്യതയില്ലെന്നും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു. രോഗം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി രോഗബാധ കണ്ടെത്തി യ ഫാമിനു ചുറ്റുമുള്ള 1 കിലോമീറ്റർ ചുറ്റളവു രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ രോഗനിരീക്ഷണ മേഖലായയും പ്രഖ്യാപിച്ചു കൊണ്ട് ഈ പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും, പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ട് പോകുന്നത് നിയന്ത്രിക്കുന്നതിനു വേണ്ട നടപടികൾ കേന്ദ്ര സർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരം സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ട്യൻ ഐ എ എസ് ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കു നിർദേശം നൽകി. പ്രസ്തുത സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ദ്രുത കർമ സേന പ്രവർത്തനം ആരംഭിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ ജിതേന്ദ്ര കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡീന, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ ഡോ. മഞ്ജു, അസിസ്റ്റന്റ് ഡയറക്ടർ മാരായ ഡോ. അജയ്, ഡോ. അനീഷ് രാജ്, ഡോ പ്രദീപ്, വെറ്ററിനറി സർജൻമാർ, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ അറ്റന്റൻറ് എന്നിവരടങ്ങുന്നതാണ് ടീം.





