ന്യൂഡൽഹി: ഇന്ത്യാ മുന്നണിയുടെ റാലിയും മാർച്ചും വ്യാപാര മേഖലയെ ബാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിപാടി വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്ന തരത്തിൽ ബിജെപി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദീപാവലിക്ക് മുന്നോടിയായി ഡൽഹിയിലെത്തുന്നവർ പ്രാദേശിക വ്യാപാരികളിൽനിന്ന് സാധനങ്ങൾ വാങ്ങി അവരെ പിന്തുണയ്ക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ആരോപിച്ച് ഇന്ത്യാ മുന്നണി ഞായറാഴ്ച രാംലീല മൈതാനത്ത് റാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടക്കുന്ന മാർച്ചിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിന് ആളുകൾ ഡൽഹിയിലെത്തുമെന്ന് രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ദീപാവലി, ഛഠ്, ഭായ് ദൂജ് തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെത്തുന്നവർ പ്രാദേശിക കടകളിൽനിന്ന് സാധനങ്ങൾ വാങ്ങണമെന്നും വ്യാപാരികൾക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





