നെല്ലിന്റെ സംഭരണം ഉടൻ ആരംഭിക്കുക, നെൽ കർഷകരുടെ ദുരിതത്തിന് അറുതി വരുത്തുക, കൃഷിയെയും കർഷകരെയും നശിപ്പിക്കുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു തൃശ്ശൂർ സിറ്റി ജില്ലാ കർഷകമോർച്ചയുടെ നേതൃത്വത്തിൽ തൃശ്ശൂർ കളക്ട്രേറ്റ് മാർച്ച് നടത്തി. കർഷകമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് എ ജി രാജേഷ് അധ്യക്ഷത വഹിച്ച മാർച്ച് കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ശ്രീ ഷാജീ രാഘവൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ നെല്ലറയായ പാലക്കാട് ഇന്ന് കർഷകരുടെ കണ്ണീരു വീണ് കുതിരുകയാണ്. പിണറായി സർക്കാരിന്റെ കർഷക വഞ്ചനയുടെയും പിടിപ്പുകേടിന്റെയും ജീവിക്കുന്ന സ്മാരകമായി, കൊയ്തെടുത്ത നെല്ല് മാസങ്ങളായി പാടങ്ങളിൽ കെട്ടിക്കിടന്ന് നശിക്കുന്നു. കർഷകരുടെ കഷ്ടപ്പാടിന് പുല്ലുവില കൽപ്പിക്കുന്ന പിണറായി സർക്കാർ, സപ്ലൈക്കോ വഴി സംഭരണം നിർത്തിവെക്കുകയും നൂറുകണക്കിന് കോടി രൂപ കുടിശ്ശിക വരുത്തുകയും ചെയ്തതോടെ ആയിരക്കണക്കിന് കർഷകർ കടക്കെണിയിലായി. എന്ന് ഷാജീ രാഘവൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കടമെടുത്ത് ഒന്നാം വിള കൃഷിയിറക്കിയവർ ഇന്ന് രണ്ടാം വിളയിറക്കാൻ സാധിക്കാതെ കുഴങ്ങുന്ന സ്ഥിതിയാണുള്ളത്. പണം ലഭിക്കാതെ കർഷകർ ബാങ്കുകളിൽ നിന്ന് കൊള്ളപ്പലിശയ്ക്ക് ലോണെടുക്കാൻ നിർബന്ധിതരാകുന്നു. പിണറായി സർക്കാരിന്റെ തുടർച്ചയായ ഈ അവഗണനയിൽ മനംനൊന്ത്, നിരവധി കർഷകർ നെൽകൃഷി തന്നെ ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ് അദ്ദേഹം പറഞ്ഞു. ഭരണപരമായ ഈ കഴിവുകേടിന്റെ ഭാരം മുഴുവൻ പിണറായി സർക്കാർ പാവപ്പെട്ട കർഷകന്റെ തലയിൽ കെട്ടിവെക്കുന്നു എന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയവർ, ഇന്ന് അന്നം തരുന്നവന്റെ വയറ്റത്തടിക്കുകയാണ്. കർഷകരെ ദ്രോഹിക്കുന്ന പിണറായി സർക്കാരിന്റെ ഈ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഈ ദുരിതത്തിന് അറുതി വരുത്തണം. കൃത്യമായ നെല്ല് സംഭരണവും, 48 മണിക്കൂറിനുള്ളിൽ നെല്ലിൻ്റെ തുക കർഷകന്റെ അക്കൗണ്ടിൽ നേരിട്ട് എത്തിക്കുകയും ചെയ്യുന്ന സുതാര്യമായ സംവിധാനവുമാണ് വേണ്ടത്. കർഷകക്ഷേമം ഉറപ്പാക്കാൻ ബിജെപി മുന്നോട്ടുവെക്കുന്ന വികസിത കേരളം മോഡലിന് മാത്രമേ സാധിക്കൂ. അന്നം തരുന്ന കർഷകൻ സമൃദ്ധമായി ജീവിക്കുമ്പോഴാണ് യഥാർത്ഥ ‘വികസിത കേരളം’ സാധ്യമാകുന്നത്.എന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
ബിജെപി മേഖല അധ്യക്ഷൻ A നാഗേഷ്, കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻമാരായ രവീന്ദ്രൻ ചുക്കത്ത് , സജീവൻ അമ്പാടൻ, സെകട്ടറി ഷൈജൻ നമ്പനത്ത്, കർഷകമോർച്ച സൗത്ത് പ്രസിഡണ്ട് അഭിലാഷ്, നോർത്ത് പ്രസിഡണ്ട് രാജേഷ് കുട്ടത്ത് എന്നിവർ പ്രസംഗിച്ചു . രതീഷ് കടവിൽ , സുശാന്ത് ഐനിക്കുന്നത്ത് ഷാജി കോറ്റു കുളം, മുരളി പാട്ടത്തിൽ, ലിജീഷ് മാടക്കത്തറ, ബിജോയ് പുലിയാമ്പ്ര എന്നിവർ മാർച്ചിന് നേതൃത്വം നൽകി.





